മുസഫര്‍ നഗർ വര്‍ഗീയ കലാപം : 131 കേസുകള്‍ യോഗി സർക്കാർ പിൻ‌വലിക്കുന്നു

adhithyanath

2013 ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 131 കേസുകള്‍ കൂടി പിന്‍വലിക്കാനുളള നടപടികള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആരംഭിച്ചു. 13 കൊലപാതകവും 11 കൊലപാതക ശ്രമങ്ങളും ഉള്‍പ്പെടെയുള്ള കേസുകളാണ് സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുന്നത്. മുസഫര്‍ നഗറിലും ഷാംലിയിലുമായി നടന്ന അതിക്രൂരമായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. പിന്‍വലിക്കുന്ന കേസുകളില്‍ 16 എണ്ണം മതപരമായ ശത്രുത വര്‍ദ്ധിപ്പിച്ചതിനും രണ്ട് കേസുകള്‍ മതവിശ്വാസത്തെ മനഃപൂര്‍വ്വം അവഹേളിക്കാന്‍ ലക്ഷ്യമിട്ടുമുള്ളതാണ്. 13 എണ്ണം കൊലപാതക കേസുകളാണ് (ഐപിസി 302 വകുപ്പ്), 11 എണ്ണം കൊലപാതക ശ്രമം (ഐപിസി 307), 85 കേസുകള്‍ ഐപിസി 436, 55 കേസുകള്‍ എപിസി 395, രണ്ട് കേസുകള്‍ തട്ടികൊണ്ടു പോകല്‍ ഐപിസി 364 പ്രകാരമുള്ള കേസുകളുമാണ് പിന്‍വലിക്കുന്നത്. മുസഫര്‍ നഗര്‍ കലാപത്തിന് പിന്നാലെ 1455 പേര്‍ക്കെതിരെ 503 കേസുകളാണ് അന്നത്തെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകളില്‍ ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍, എംപി ബര്‍ത്തേന്ദു സിംഗ്, എംഎല്‍എ ഉമേഷ് മാലിക്, ബിജെപി നേതാവായ സാത്വി പ്രാചി എന്നിവര്‍ പ്രതികളായിരുന്ന കേസുകളാണ് പൊതുതാല്‍പര്യപ്രകാരം എന്ന വ്യാജേന പിന്‍വലിക്കുന്നത്. മുസാഫര്‍ നഗറിലെയും ഷാംലിയിലെയും ഖാപ് പഞ്ചായത്ത് നേതാക്കള്‍ ബിജെപി എംപി സഞ്ജീവ് ബല്യാന്‍, എംഎല്‍എ ഉമേഷ് മാലിക് എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച ശേഷമാണ് കേസുകള്‍ പിന്‍വലിക്കാനുളള നടപടികള്‍ എടുത്തത്. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 402 എണ്ണം പിന്‍വലിക്കാനുള്ള നടപടികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 2013 ല്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ വീട് വിട്ട് ദൂരസ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരുന്നു.