യുഎഇയുടെ 700 കോടി രൂപയുടെ സഹായം;തടസ്സങ്ങള്‍ പരിഹരിക്കുമെന്ന് പിണറായി

pinarayi

യുഎഇ സഹായവുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനായി യുഎഇയുടെ 700 കോടിരൂപയുടെ സഹായം പ്രഖ്യാപിച്ച ഉടനെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ ട്വിറ്ററില്‍ ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ വന്നുചേരുന്ന തടസ്സങ്ങള്‍ ഔദ്യോഗിക തലത്തില്‍ തന്നെ ചര്‍ച്ച ചെയ്‌തു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹായിക്കുക സ്വാഭാവികമാണ്. അത് ലോകത്തെമ്ബാടും നടക്കുന്നതുമാണ്. 2016 മെയ് മാസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ ദുരന്ത നിവാരണ നയത്തില്‍ മറ്റു രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ലഭിക്കുന്ന സഹായങ്ങളെ സര്‍ക്കാര്‍ സര്‍വമനസ്സാ സ്വാഗതം ചെയ്യുന്നു. അത്തരം സഹായങ്ങളെ പ്രോത്സാഹിപ്പിക്കാനും നേടിയെടുക്കാനുമുള്ള നടപടികളാണ് നാടിനെ സ്‌നേഹിക്കുന്ന എല്ലാവരിലും ഉണ്ടാകേണ്ടതെന്ന് ഓര്‍മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.