ക്യാൻസർ പാപത്തിന്റെ ശിക്ഷയെന്ന് ബിജെപി മന്ത്രി

bjp chidambaram

ദൈവകോപം മൂലമാണ് കാന്‍സര്‍ ഉണ്ടാകുന്നത്, ചെറുപ്രായത്തില്‍ തന്നെ യുവതീ യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നതിനു കാരണവും അവര്‍ മുന്‍കാലങ്ങളില്‍ ചെയ്ത പാപത്തിന്റെ ഫലം തന്നെയാണ്; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി. ആസാം നിയമസഭയിലെ ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും അര്‍ബുദ രോഗികളും രംഗത്തെത്തി. ”നമ്മള്‍ പാപം ചെയ്‌താല്‍ അതിനുള്ള ശിക്ഷ ദൈവം തരും. ചില സമയങ്ങളില്‍ നമ്മള്‍ കാന്‍സര്‍ കൊണ്ടു വലയുന്ന ചെറുപ്പക്കാരെ കാണുന്നു മറ്റു ചിലപ്പോള്‍ ദാരുണമായ അപകടങ്ങളില്‍ പെട്ട ചെറുപ്പക്കാരെയും. ഇതെല്ലാം അവര്‍ ചെയ്ത പാപത്തിന് ദൈവം നല്‍കിയ ശിക്ഷയാണ്. ഇവരുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇത് നിങ്ങള്‍ക്ക് മനസ്സിലാവും അതിനാല്‍ ദൈവത്തിന്റെ ആ ശിക്ഷ ഏറ്റുവാങ്ങാതെ നിവൃത്തിയില്ലെന്നും” മന്ത്രി പറഞ്ഞു. ”എന്നാല്‍ ഇവര്‍ക്ക് അസുഖം വരുന്നത് ഇവര്‍ തന്നെ ചെയ്ത പാപം ആകണമെന്നില്ല. ചിലപ്പോള്‍ അവരുടെ മാതാപിതാക്കളോ മുന്‍ജന്മ പാപമോ ആകാമെന്നും മന്ത്രി തുടര്‍ന്നു. ഇതേകുറിച്ച് ഭഗവത് ഗീതയിലും ബൈബിളിലും പറയുന്നുണ്ട്. അവനവന്റെ പാപത്തിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കേണ്ടി വരും”. പുതുതായി ചുമതലയേല്‍ക്കുന്ന അധ്യാപകര്‍ക്കു മുമ്പില്‍ വെച്ചായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന നടത്തിയത്. കാന്‍സര്‍ രോഗികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനക്കെതിരെ രൂക്ഷ വമിര്‍ശമാണുയരുന്നത്. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യമമുയര്‍ന്നിട്ടുണ്ട്.