കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

blasters kerala

ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. എതിരില്ലാത്ത ആറ് ഗോളിന്റെതോൽവിയാണ് കലൂരില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ഓസ്ട്രേലിയയിലെ ശക്തരായ മെല്‍ബണ്‍ സിറ്റി പ്രീസീസണാണെന്ന ദയ ഒന്നും കേരള ബ്ലാസ്റ്റേഴ്സിനോട് ഇന്ന് കാണിച്ചില്ല. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ പോയ കേരളം രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടെ വഴങ്ങുകയായിരുന്നു. മികച്ച ഒത്തിണക്കവും ബലവുമുള്ള മെല്‍ബണ്‍ സിറ്റിക്ക് ഒപ്പം പിടിച്ച്‌ നിക്കാന്‍ കേരളം കഷ്ടപെടുന്നതാണ് ആദ്യ പകുതി മുതല്‍ തന്നെ കണ്ടത്. ആദ്യ ഗോള്‍ വഴങ്ങാന്‍ 30 മിനുട്ട് എടുത്തത് മാത്രമാണ് കേരളത്തിന് ഇന്ന് നല്ലതായി പറയാനായുള്ളത്. വിഡോസിചിന്റെ ഹെഡറിലൂടെ ആയിരുന്നു ആദ്യം ധീരജ് സിംഗിനെ മെല്‍ബണ്‍ സിറ്റി പരാജയപ്ലെടുത്തിയത്. പിന്നീട് മഗ്രീ ലീഡ് ഇരട്ടിയാക്കി കൊണ്ട് ആദ്യ പകുതി 2-0ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ എം പി സക്കീര്‍, ഋഷി ദത്ത്, പെകൂസണ്‍ തുടങ്ങിയവരെ ജെയിംസ് കളത്തില്‍ ഇറക്കിയെങ്കിലും മെല്‍ബണ് ശക്തി കൂടി വരുകയാണ് ചെയ്തത്. ബ്രൂണോ ഫര്‍നരോലി, റാമി, വെയില്‍സ്, മഗ്രീ എന്നിവരാണ് രണ്ടാം പകുതിയില്‍ മെല്‍ബണായി സ്കോര്‍ ചെയ്തത്. ധീരജ് സിംഗ് എന്ന യുവതാരത്തിന് ഇങ്ങനെയൊരു അരങ്ങേറ്റം നിരാശ നല്‍കും. മികച്ച സേവുകള്‍ ധീരജ് നടത്തിയെങ്കിലും ധീരജിനെ സഹായിക്കാന്‍ പാകത്തില്‍ മെല്‍ബണ്‍ അറ്റാക്കിനെ തടയാന്‍ കേരള ഡിഫന്‍സിനായിരുന്നില്ല. കേരളത്തിന് സ്കോര്‍ ചെയ്യാന്‍ ഒരു സുവര്‍ണ്ണാവസരം സ്ലാവിയയിലൂടെ ലഭിച്ചിരുന്നു എങ്കിലും അത് ലക്ഷ്യത്തില്‍ എത്തിക്കാന്‍ കേരളത്തിന്റെ പുതിയ സ്ട്രൈക്കര്‍ക്കായില്ല. ടൂര്‍ണമെന്റിലെ അടുത്ത മത്സരം ജൂലൈ 27ന് മെല്‍ബണ്‍ സിറ്റിയും ജിറോണയും തമ്മിലാണ്.