പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ !

torture

തെറ്റിധാരണയുടെ പുറത്ത് കൊടുത്ത പീഡനക്കേസ് ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട യുവാവിന് ദില്ലി ഹൈക്കോടതി നല്‍കിയ നിര്‍ദേശം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ അടക്കാന്‍. പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായിട്ടുണ്ടെന്നും കോടതി എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ഡല്‍ഹി സ്വദേശിയുടെ ആവശ്യം. ദില്ലി ഹൈക്കോടതിയാണ് വ്യത്യസ്ത കാഴ്ചകള്‍ക്ക് വേദിയായത്. പ്രശ്നം തങ്ങള്‍ ഒത്തു തീര്‍പ്പാക്കിയെന്നും ഒത്ത് തീര്‍പ്പ് കരാര്‍ ദില്ലിയിലെ സാകേത് കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും യുവാവ് കോടതിയെ അറിയിച്ചു. കേസിലെ എതിര്‍കക്ഷി സുഹൃത്താണെന്നും തെറ്റിധാരണയുടെ പുറത്താണ് കേസ് കൊടുത്തത്. തനിക്കെതിരായ ലൈംഗിക പീഡനം അടക്കമുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. കേസിലെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ കേസ് തുടര്‍ന്ന് പോകേണ്ട ആവശ്യമില്ല. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തരുണ്‍ സിങിനോട് ജസ്റ്റിസ് സഞ്ജീവ് സച്ചദേവയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാന്‍ ആവശ്യപ്പെട്ടത്. രണ്ടാഴ്ചക്കുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.