കലാപം ഉണ്ടായതിൽ രാഷ്‌ട്രപതി അപലപിച്ചു

ram nath kovind

റാം റഹീം സിങ്ങിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് പ്രത്യേക സി ബി ഐ കോടതി വിധിച്ചതിനെ തുടർന്ന് കലാപം ഉണ്ടായതിൽ രാഷ്‌ട്രപതി അപലപിച്ചു. കോടതി വിധി പുറത്തുവന്നതിന് പിന്നാലെയുണ്ടായ അക്രമത്തെയും പൊതുമുതല്‍ നശിപ്പിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നുവെന്നും എല്ലാ പൗരന്മാരും സമധാനം കാത്തുസൂക്ഷിക്കണമെന്നും രാഷ്ര്ടപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ വ്യക്തമാക്കി.

കോടതി വിധിയെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. സംയമനം പാലിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. അതിനിടെ, അക്രമ സംഭവങ്ങളെപ്പറ്റി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍സിങ്ങിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.

കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിട്ടുതരണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

വിധി വന്നതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 28 പേര്‍ മരിച്ചതായാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍. 250 ല്‍ അധികം ആളുകള്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുര്‍മീത് റാം അനൂകൂലികള്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കും റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും തീയിട്ടു. ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റാം റഹീം അനുകൂലികള്‍ കലാപമുണ്ടാക്കുകയാണ്.