എയര്‍ കൂളറിനടുത്ത് ഇരിക്കുന്ന വിഷയത്തിൽ തർക്കം ; രണ്ടുപേർ വെടിയേറ്റ് മരിച്ചു

എയര്‍ കൂളറിനടുത്ത് ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമകളായ അച്ഛനും മകനും കൊല്ലപ്പെട്ടു. 52 കാരനായ ശ്യാം 23 കാരനായ മായങ്ക് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ നജഫ്ഗട്ടില്‍ ബുധനാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം. ശ്യാമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ രാത്രി 9.30 ഓടെ 4 പേര്‍ ഭക്ഷണം കഴിക്കാനെത്തി. റോഡരികില്‍ ഇട്ടിരുന്ന മേശയിലാണ് ഇവര്‍ക്ക് ഭക്ഷണം വിളമ്പിയത്. ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ ഹോട്ടലിലുണ്ടായിരുന്ന എയര്‍ കൂളര്‍ അയാള്‍ക്ക് അഭിമുഖമായി തിരിച്ചുവെച്ചു. എന്നാല്‍ കൂളര്‍ അത്തരത്തില്‍ വെച്ചാല്‍ മറ്റ് ഉപഭോക്താക്കള്‍ക്ക് ചൂടെടുക്കുമെന്ന് മായങ്ക് വ്യക്തമാക്കി. അതിനാല്‍ മേശ മാറ്റിത്തരാമെന്നും പറഞ്ഞു. എന്നാല്‍ നാലംഗ സംഘം അതിന് ഒരുക്കമായിരുന്നില്ല. ഇത് തര്‍ക്കത്തിന് വഴിവെച്ചു. കൂളര്‍ തങ്ങള്‍ക്ക് നേരെ തന്നെ തിരിച്ചുവെയ്ക്കണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് കൂളര്‍ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ നീക്കിവെയ്ക്കുകയും ചെയ്തു.എന്നാല്‍ മായങ്ക് വീണ്ടും ഇത് എതിര്‍ത്തതോടെ തര്‍ക്കം രൂക്ഷമായി. ഒടുക്കം ഹോട്ടലില്‍ നിന്നും ഇവരോട് പുറത്തുപോകാന്‍ മായങ്ക് ആവശ്യപ്പെട്ടു. ഇതോടെ നാലംഗ സംഘത്തില്‍ ഒരാള്‍ തോക്കെടുത്ത് മായങ്കിന് നേരെ നിറയൊഴിച്ചു. നെഞ്ചില്‍ വെടിയേറ്റ യുവാവ് പിടഞ്ഞുവീണു. വെടിയൊച്ച കേട്ട് ഓടിവന്ന പിതാവിന് നേരെയും അയാള്‍ നിറയൊഴിച്ചു. തുടര്‍ന്ന് ഈ സംഘം പൊടുന്നനെ രക്ഷപ്പെട്ടു.പിതാവിനെയും മകനെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.