അമിത്ഷായ്ക്ക് നേരെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ പോലീസ് മർദിച്ച വീഡിയോ പുറത്ത്

ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച അലഹബാദ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്കു നേരെ പൊലിസിന്റെ ക്രൂര മര്‍ദനം. മുടിയില്‍ പിടിച്ച്‌ വലിച്ചിഴക്കുകയും ലാത്തികൊണ്ട് ശക്തമായി അടിക്കുകയും ചെയ്തു. ബി.ജെ.പി റാലിയില്‍ സംബന്ധിക്കാന്‍ എത്തിയ അമിത്ഷായുടെ വാഹനവ്യൂഹത്തിനു നേരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ റോഡില്‍ ഇറങ്ങുന്നതും വാഹനങ്ങളെ തടഞ്ഞ് കരിങ്കൊടി വീശുന്നതും വീഡിയോയില്‍ കാണാം. ഇതോടെ നാലു ഭാഗത്തുനിന്നുമെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദിച്ച്‌ പൊലിസ് ജീപ്പില്‍ കയറ്റുകയുമായിരുന്നു.നേഹ യാദവ്, രമ യാദവ് എന്നീ വിദ്യാര്‍ഥിനികളും കൃഷ്ണന്‍ മൗര്യ എന്ന വിദ്യാര്‍ഥിയുമാണ് കരിങ്കൊടി പ്രതിഷേധത്തിനിറങ്ങിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി നേതാക്കളാണ് ഇവര്‍. മൂന്നു പേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.