കൊല്ലം കരുനാഗപ്പള്ളിയില്‍ പട്ടിണിക്കിട്ട് കൊന്ന 27കാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.ഭക്ഷണം ഇല്ലാത്തതും ശാരീരിക പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരമാസകലം മുറിവുകളും ചതവുകളും ഉണങ്ങിയ മുറിപ്പാടുകളും കണ്ടെത്തിയിരുന്നു. ഭക്ഷണം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി.കഴിഞ്ഞ 21നാണ് ചന്തുലാലിന്റെ ഭാര്യ തുഷാര (27) ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
അന്നേദിവസം ഉച്ചയ്ക്ക് 12ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ തുഷാരയെ മരിച്ച നിലയില്‍ എത്തിക്കുകയായിരുന്നു. ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഏറെ നാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും ആഹാരം ലഭിക്കാതെ ഇവര്‍ക്ക് 20 കിലോയോളം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിച്ച് അവശനിലയിലായെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു.നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു വസ്തുവും വീടും വിറ്റ ഇവര്‍ രണ്ടു വര്‍ഷമായി ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്. സ്വന്തമായി വാങ്ങിയ വസ്തുവില്‍ വീട് നിര്‍മ്മിച്ച് പുരയിടത്തിനു ചുറ്റും ടിന്‍ഷീറ്റ് കൊണ്ട് മറച്ചിരുന്നു.രണ്ടു വര്‍ഷമായി ഇവിടെ താമസിച്ചുവന്നിരുന്ന തുഷാരയേയോ മറ്റംഗങ്ങളേയോ പരിസരവാസികള്‍ കണ്ടിരുന്നില്ല. വീട്ടില്‍നിന്നും സ്ത്രീയുടെ നിലവിളിയും ഞരക്കങ്ങളും കൂടെക്കൂടെ കേള്‍ക്കാറുണ്ടായിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു. വിവാഹശേഷം സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. ആറ് വര്‍ഷത്തിനിടെ മൂന്നു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടില്‍ പോയത്. തുഷാരയെ കാണാനായി ബന്ധുക്കള്‍ എത്തിയാല്‍ ഇവരെ കാണാന്‍ അനുവദിക്കില്ല. മാത്രമല്ല ഇവര്‍ വന്നതിന്റെ പേരില്‍ ഭര്‍ത്താവും മാതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താല്‍ ബന്ധുക്കള്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നില്ല.