ഇന്നു സര്‍വ്വരാജ്യ തൊഴിലാളി ദിനം. ലോകത്തെമ്പാടുമുള്ള തൊഴിലാളികൾ മെയ്ദിനം ആഹ്ലാദത്തോടും ആവേശത്തോടുകൂടിയും ആഘോഷിക്കുകയാണ്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്.എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു. തൊഴിലാളി എന്നു പറയുമ്പോള്‍ തൊഴിലെടുക്കുന്നവന്‍, അല്ലെങ്കില്‍ അധ്വാനിക്കുന്നവന്‍ എന്നര്‍ത്ഥം. ഹൈടെക് ശമ്പളം വാങ്ങുന്നവർ മുതൽ എണ്ണി ചുട്ട അപ്പം പോലെ ശമ്പളം വാങ്ങുന്ന സാധാരണ കൂലിപ്പണിക്കാര്‍ വരെ ഈ നിര്‍വചനത്തില്‍ വരുന്നു. എങ്കിലും തൊഴിലാളി എന്നു പറയുമ്പോള്‍ മിക്കവരുടെയും മനസ്സില്‍ വരുന്ന രൂപം വിയര്‍ത്തു ഒലിച്ചു മുഷിഞ്ഞ വസ്ത്രവും ധരിച്ചു ദൈന്യത തുളുമ്പുന്ന ഒരു മുഖമാകുന്നതെന്തേ??കാലാകാലമായി മാധ്യമങ്ങളും, മറ്റു കാഴ്ചകളും നമുക്ക് പകര്‍ന്നു തരുന്ന രൂപം ഇങ്ങനെ ആയത് കൊണ്ടാവാം.കിട്ടുന്ന ശമ്പളം എങ്ങിനെ ചിലവഴിക്കണം എന്നറിയാതെ ഷോപ്പിംഗ് മാളുകളില്‍ കൊണ്ടെറിയുന്ന ഒരു വിഭാഗം, എല്ലാ ചിലവുകളും കഴിഞ്ഞാല്‍ മാസാവസാനം ഓട്ടകൈയ്യുമായി ഇരിക്കുന്ന മറ്റൊരു വിഭാഗം, അന്നന്നു കിട്ടുന്ന തുക കൊണ്ട് റേഷനരി വാങ്ങി വിശപ്പടക്കുകയും, ഇല്ലെങ്കില്‍ പട്ടിണി കിടക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗം..ബാലവേല ചെയ്യിപ്പിച്ചു ചൂഷണത്തിന് ഇരയാവുന്ന കുട്ടികള്‍..വിശ്രമിക്കേണ്ട പ്രായത്തില്‍ കഠിനാധ്വാനം ചെയ്തും, ഉറങ്ങാതെ കാവല്‍ പണി ചെയ്തും ജീവിതം നീക്കുന്ന നിരവധി വൃദ്ധജനങ്ങള്‍ നമുടെ കണ്ണിനു മുന്നിലെ സ്ഥിരം കാഴ്ച്ചയാകുന്നു.
ഇന്ന് മലയാളി തൊഴില്‍ മറു നാട്ടുകാര്‍ക്ക് വിട്ടു കൊടുത്ത് മുതലാളി ചമയുന്നു. നോക്ക് കൂലി വാങ്ങി വിയര്‍പ്പു പറ്റാതെ, വസ്ത്രം ചുളുങ്ങാതെ ബീവറേജിനു മുന്നില്‍ കാത്തു നില്‍ക്കുന്നു…. ലോകത്തെ സകല കാര്യവും തനിക്കു അറിയാം എന്ന ഭാവേനെ നെഞ്ചു വിരിച്ചു നടക്കുന്നു. പോയ തലമുറ ചോരയും ജീവിതവും കളഞ്ഞു നല്‍കിയ സ്വാതന്ത്ര്യം ചവിട്ടി ഞെരിച്ചു,തലയുയര്‍ത്തി നടക്കുന്ന നമ്മള്‍ ഇടക്കെങ്കിലും പിന്നിട്ട വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.
ഇന്നു സര്‍വ്വരാജ്യ തൊഴിലാളി ദിനം
RELATED ARTICLES