കാഞ്ഞിരപ്പള്ളിയിലെ സദാശിവന്റെ ഹെലികോപ്റ്റർ

helicopter

സദാശിവൻ എന്ന ലെയ്ത്ത് വർക്ക്ഷോപ്പുകാരന്റെ ആകാശസ്വപ്നങ്ങൾക്ക് ഒടുവിൽ ചിറകുമുളയ്ക്കുന്നു. ചെറുപ്പം മുതൽ പറക്കണമെന്ന മോഹം മനസിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന് ഹെലികോപ്ടർ നിർമ്മാണം ഒരു നിയോഗം പോലെ വന്നു ചേരുകയായിരുന്നു. സെന്റ് ആന്റണീസ് സ്‌കൂളിലെ പ്രിൻസിപ്പൽ ഫാ. ഡെന്നിസ് നെടുംപതാലിലാണ് സദാശിവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ഹെലികോപ്ടർ നിർമ്മാണം ഏൽപ്പിച്ചത്.
കാഞ്ഞിരപ്പള്ളിക്ക് സമീപം ന്യൂഇന്ത്യ എന്ന ലെയ്ത്ത് വർക്ക്ഷോപ്പിൽ എൻജിനീയറിങ് ലോകത്തെയും വെല്ലുന്ന കണ്ടുപിടിത്തങ്ങളാണ് പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള സദാശിവൻ (54) നടത്തുന്നത്.
ഹെലികോപ്ടറിന്റെ മാതൃകമാത്രം നിർമ്മിക്കണമെന്ന സ്‌കൂൾ അധികൃതരുടെ ആവശ്യത്തിന് പകരമായി പറന്നുയരാൻ ശേഷിയുള്ള ഹെലികോപ്ടർതന്നെ നിർമ്മിച്ചു നൽകുകയായിരുന്നു അദ്ദേഹം. ഹെലികോപ്ടർ, വിമാനം എന്നിവയെപ്പറ്റി ടിവി ചാനലുകളിലൂടെയുള്ള അറിവ് മാത്രമുള്ള സദാശിവൻ സ്വന്തം ആശയം ഉപയോഗിച്ച് ഒന്നു നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
മാരുതി കാറിന്റെ എൻജിനാണ് ഹെലികോപ്ടറിൽ ഉപയോഗിച്ചത് . വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന റിഡക്ഷൻ ഗിയറും ആപ്പെ ഓട്ടോറിക്ഷായുടെ ചില്ലുകളും ഉപയോഗിച്ചിട്ടുണ്ട്. ബോഡി ഭാഗം മുഴുവൻ ഇരുമ്പ് തകിട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പ്രപ്പല്ലറുകളും തനിയെ നിർമ്മിച്ചു.
ഇരുമ്പു ഫ്രെയ്മിൽ അലുമിനിയം തകിടു പൊതിഞ്ഞാണ് മുകളിലത്തെ ലീഫുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രവർത്തനം ആരംഭിക്കുമ്പോൾ ലീഫിന്റെ ഒരു ഭാഗം 30 ഡിഗ്രിയിൽ ചെരിയും. ഇതോടെ ലീഫുകൾ കറങ്ങും. അഞ്ചു മാസത്തെ പ്രയത്നത്തിലാണ് ഇതു തയാറായത്. നിർമ്മാണച്ചെലവ് ഇപ്പോൾ തന്നെ നാലു ലക്ഷം രൂപയായിട്ടുണ്ട്.

കാലത്തിനൊപ്പം മാറിയ വാഹനങ്ങളുടെ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ആശയത്തിന്റെ ഭാഗമായി ആദ്യകാല വാഹനങ്ങളായ കാളവണ്ടിയും കുതിര വണ്ടിയും സെന്റ് ആന്റണീസ് സ്‌കൂളിൽ സൂക്ഷിച്ചിട്ടുണ്ട്. സ്‌കൂളിൽ ഭൂഗോളവും വിൻഡ് മില്ലും സദാശിവൻ നിർമ്മിച്ചു നൽകിയിരുന്നു. ഭാര്യ വി.കെ. തുളസി. അമൽജ്യോതി എൻജിനിയറിങ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിനി എം. എസ്. ധനുശ്രീ, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി എം. എസ്. രൂപശ്രി എന്നിവരാണ് മക്കൾ.