Friday, March 29, 2024
HomeInternationalബഹ്‌റിനിലെ പ്രശസ്ത കൺ‍സ്ട്രക്ഷൻ കമ്പനിയിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് നരകിക്കുന്നു

ബഹ്‌റിനിലെ പ്രശസ്ത കൺ‍സ്ട്രക്ഷൻ കമ്പനിയിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് നരകിക്കുന്നു

ഒരു നേരത്തെ ആഹാരത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥ

ബഹ്‌റിനിലെ പ്രശസ്ത കൺ‍സ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ദൈനംദിന ചിലവുകൾ‍ക്ക് പോലും പണമില്ലാതെ നരകിക്കുന്നു. നാട്ടിലേയ്ക്ക് പണമയക്കുവാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, പല തൊഴിലാളികൾക്കും ഒരു നേരത്തെ ആഹാരത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്‌. കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിലെ 160 തൊഴിലാളികൾ‍ ജാഥയായി തൊഴിൽ‍ മന്ത്രാലയത്തിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തുകയും മന്ത്രാലയത്തിൽ‍ പരാതി നൽ‍കുകയും ചെയ്തു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്‌ളാദേശ് രാജ്യങ്ങളിൽ‍നിന്നുള്ള തൊഴിലാളികളാണേറെയും.

 പ്രൊജക്റ്റുകളുടെ പണം ഇനിയും ലഭിക്കാനുണ്ടെന്നു കമ്പനി

കഴിഞ്ഞ നവംബർ‍ മാസം മുതലാണ് ഇവർക്ക് ശമ്പളം മുടങ്ങിയിരിക്കുന്നത്. തങ്ങളുടെ മുടങ്ങിപ്പോയ ശമ്പളം എങ്ങിനെയെങ്കിലും ലഭ്യമാക്കി തങ്ങളെ നാട്ടിലയക്കണമെന്നാണ് ഈ തൊഴിലാളികളുടെ ആവശ്യം. എന്നാൽ‍ തങ്ങൾ‍ കരാറെടുത്ത് ഏറ്റെടുത്ത് നിർ‍മ്മാണം പൂർ‍ത്തീകരിച്ച നിരവധി പ്രൊജക്റ്റുകളുടെ പണം ഇനിയും ലഭിക്കാനുണ്ടെന്നും അതുമൂലം മാത്രമാണ് ശമ്പളം നൽ‍കാനാവാത്തതെന്നുമാണ് കമ്പനി അധികൃതരുടെ ഭാഷ്യം. ലക്ഷക്കണക്കിന് ദിനാറാണ് ഇത്തരത്തിൽ‍ മുടങ്ങിക്കിടക്കുന്നത്. ഈ തുക പിരിഞ്ഞുകിട്ടുന്ന മുറയ്ക്ക് ശമ്പളം ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ‍ പറയുന്നു.

 നിരവധി പേർ‍ സഹായഹസ്തവുമായി രംഗത്ത്

ഒരു നേരത്തെ ആഹാരത്തിന് പോലും തൊഴിലാളികൾ ബുദ്ധിമുട്ടുന്നുവെന്ന വാർ‍ത്തയറിഞ്ഞ് നിരവധി പേർ‍ സഹായഹസ്തവുമായി രംഗത്തു വരുന്നുണ്ടെന്നതാണ് ഏക ആശ്വാസം. ഇന്ന് മൈഗ്രന്റ് വർ‍ക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രവർ‍ത്തകർ‍ ലേബർ‍ ക്യാന്പിലെത്തി ഇവർ‍ക്ക് ഭക്ഷണം നൽ‍കി.

അതേസമയം ബഹ്‌റിനിലെ പല സ്ഥാപനങ്ങളിലും ഇത് തന്നെയാണ് ഗതി. നിരവധി തൊഴിലാളികൾ‍ ശമ്പളം ലഭിക്കാതെ നരകയാതനയിലാണ്.

ഒരു തൊഴിലാളിക്ക് ഹൃദയാഘാതം ഉണ്ടായി

കമ്പനി സ്ഥിതി ചെയ്യുന്ന ഈ ഏരിയയിൽ ബഹ്റിനിലെ ചില തീവ്രവാദ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ നിരീക്ഷണത്തിലായിരിക്കും. കഴിഞ്ഞ മാസം തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് ജാഥ നയിച്ചപ്പോൾ പോലീസ് ടിയർ ഗ്യാസ് പ്രയോഗം നടത്തിയിരുന്നു. അന്ന് ബഹളത്തിനിടയിൽ ഈ കമ്പനിയിലെ ഒരു തൊഴിലാളിക്ക് ഹൃദയാഘാതം ഉണ്ടായി മരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ബഹ്‌റിനിൽ‍ പല സ്ഥാപനങ്ങളിലും അവിദഗ്ദ്ധ തൊഴിലാളികൾ‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ഒരു തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ്. 40, 50 ദിനാർ‍ വീതം ശന്പളമാണ് ബഹുഭൂരിപക്ഷം കൺ‍സ്ട്രക്ഷൻ കന്പനികളും തൊഴിലാളികൾ‍ക്ക് അടിസ്ഥാന ശമ്പളമായി നൽ‍കുന്നത്. അതുകൊണ്ട് തന്നെ ഏതാനും മാസങ്ങളായി ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് വിദേശത്തൊഴിലാളികൾ‍ വിലക്കയറ്റത്തിൽ‍ നട്ടം തിരിയുകയാണ്. നിത്യോപയോഗ സാധനങ്ങൾ‍ക്ക് വില വർ‍ദ്ധിച്ചതിന് മേൽ‍ ഫ്‌ളാറ്റുകളുടെ വാടകയും കുതിച്ചുയർ‍ന്നപ്പോൾ‍ ഇടത്തരം ശമ്പളം വാങ്ങുന്നവർ‍ പോലും നാട്ടിലേയ്ക്കുള്ള തിരിച്ചു പോക്കിനെ ക്കുറിച്ചാലോചിക്കുകയാണ്.

നടപടി പേടിച്ച് പണിമുടക്കുവാൻ ഇവർ‍ ഭയക്കുകയാണ്

മലയാളികളടക്കമുള്ള നിരവധിപേർ‍ തങ്ങളുടെ കുടുംബത്തെ നാട്ടിലയക്കുന്നു. ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അതേസമയം തങ്ങളുടെ ശമ്പളത്തിൽ യാതൊരു വർ‍ദ്ധനയും വരുത്താത്തത് പതിറ്റാണ്ടുകളായി ബഹ്‌റിനിൽ‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ആശങ്കാകുലരാക്കുന്നു. ബഹ്‌റിനിൽ‍ കഴിഞ്ഞ വർ‍ഷം നിരവധി കൺ‍സ്ട്രക്ഷൻ കന്പനികളിലെ തൊഴിലാളികൾ‍ ശമ്പള വർ‍ദ്ധനവ് ആവശ്യപ്പെട്ട് പണിമുടക്ക് നടത്തിയിരുന്നു. പല സ്ഥാപനങ്ങളിലും തൊഴിലാളികൾ‍ അസ്വസ്ഥരാണെങ്കിലും പരാതിപ്പെടുന്നവരെ നാട്ടിലയക്കുകയെന്ന ചില സ്ഥാപനങ്ങളുടെ നടപടി പേടിച്ച് പണിമുടക്കുവാൻ ഇവർ‍ ഭയക്കുകയാണ്. നാട്ടിൽ നിന്നും ഉയർന്ന ശമ്പളവും താമസ സൗകര്യങ്ങളും കിട്ടുമെന്ന ഏജന്റുമാരുടെ വാഗ്ദാനത്തിൽ ഇവിടെ എത്തുകയും ജോലിയിൽ പ്രവേശിച്ചതിന് ശേഷം പറഞ്ഞ ശമ്പളം സൗകര്യമോ നൽകാതെ നിരവധി കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്.

ജീവിതം തന്നെ കുരുക്കിലായ നിരവധി തൊഴിലാളികൾ

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിൽ എത്തുന്ന പരാതികളുടെ എണ്ണമെടുത്ത് പരോശോധിച്ചാലും ഇത്തരത്തിലുള്ള പരാതികളാണ് ഏറെയും ഉണ്ടാകുന്നത്. ചില തൊഴിലാളികൾ എങ്ങനെയെങ്കിലും നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ നാട്ടിൽ നിന്ന് കടം വാങ്ങി വിസ സംഘടിപ്പിച്ച പല തൊഴിലാളികളും ഏത് വിധേനയെങ്കിലും ഇവിടെ കഴിഞ്ഞു കൊണ്ട് പുതിയ രക്ഷാ മാർഗ്ഗം തേടുന്നു. പാസ്പോർട്ട് പണയപ്പെടുത്തിയും പലിശക്കാരിൽ നിന്ന് കടം വാങ്ങിയും ജീവിതം തന്നെ കുരുക്കിലായ നിരവധി തൊഴിലാളികളും ഉണ്ട്. താമസ സ്ഥലങ്ങൾക്ക് സമീപമുള്ള കോൾഡ് സ്റ്റോറുകാരുടെ കാരുണ്യം കൊണ്ടും ജീവകാരുണ്യ പ്രവർത്തകരുടെ സുമനസ് കൊണ്ടും ജീവിതം മുന്നോട്ട് നയിക്കുന്ന പലരും ആത്മഹത്യയുടെ വക്കിലാണ്. ഇത്തരം തൊഴിലാളികളെ രക്ഷിക്കുവാൻ ഇന്ത്യൻ സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് സാമൂഹ്യപ്രവർത്തകരുടെ അഭിപ്രായം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments