പ്രതിഷേധ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറി യുവതി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

സിയാറ്റില്‍ : ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടര്‍ന്ന് യുവതി (24) മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ജൂലൈ 4 ശനിയാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം.

സമ്മര്‍ ടെയ്‌ലര്‍ (24) എന്ന യുവതി ഹാര്‍ബര്‍ വ്യു മെഡിക്കല്‍ സെന്ററില്‍ മരിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ മറ്റൊരാള്‍ ഡയസ് ലവ് ഗുരുതരാവസ്ഥയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്.

മിനിയാപോലീസ് പൊലീസ് ആക്രമണത്തില്‍ മരിച്ച ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ചു കഴിഞ്ഞ മൂന്നാഴ്ചയായി 1–5 ഒലിവു വെ ഓവര്‍ പാസ്സില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരികയായിരുന്നു. പ്രതിഷേധക്കാരെ ട്രാഫിക്കില്‍ നിന്നും സംരക്ഷിക്കുന്നതിന് ബാരിയേഴ്‌സ് ഉയര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു.

വെറ്റനറി ക്ലിനിക്കല്‍ സമ്മര്‍ വെക്കേഷണില്‍ ജോലി ചെയ്തുവരികയായിരുന്നു ടെയ്‌ലര്‍.വാഹനം ഓടിച്ചിരുന്ന 27 വയസ്സുള്ള സ്വയ്റ്റ് കെലിറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയോ ലഹരയിലല്ല അപകടമെന്നും മനപൂര്‍വ്വമാണോ അതോ അപകടമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു.

കെലിറ്റിനെതിരെ വാഹനം ഉപയോഗിച്ചു അപകടപ്പെടുത്തലിന് കേസ്സെടുത്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച ടെയ്‌ലറിനു വേണ്ടി ഗോ ഫണ്ട് മി (GO FUND ME) രൂപീകരിച്ചിട്ടുണ്ട്.