22-മത് ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ 44 വർഷത്തിനുശേഷം ഇന്ത്യ ചാംപ്യൻമാർ. 17 മീറ്റുകളുടെ ചൈനീസ് അപ്രമാദിത്യത്തെ പിന്തള്ളിയാണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്. 12 സ്വർണവും ആറു വെള്ളിയും 10 വെങ്കലവും അടക്കം 28 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. മെഡലുകളുടെ എണ്ണത്തിലും സ്വർണമെഡലുകളുടെ എണ്ണത്തിലും ഇത് റിക്കാർഡാണ്.
നാലാം ദിനം അഞ്ചു സ്വർണമെഡലുകളാണ് ഇന്ത്യ നേടിയത്. ജാവലിനിൽ നീരജ് ചോപ്ര, വനിതകളുടെ ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമൻ, 10000 മീറ്ററിൽ ജി. ലക്ഷ്മണ്, 4×400 മീറ്റർ റിലേയിൽ പുരുഷ വനിതാ ടീമുകൾ എന്നിവർ ഇന്ത്യക്കായി നാലാം ദിനം സ്വർണത്തിൽ തിളങ്ങി. ലക്ഷ്മണിന്റെ രണ്ടാം സ്വർണനേട്ടമാണിത്. നേരത്തെ, 5000 മീറ്ററിലും ലക്ഷ്മണ് സ്വർണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 800 മീറ്ററിൽ അർച്ചന ആദവ് സ്വർണം നേടിയിരുന്നെങ്കിലും പിന്നീട് അയോഗ്യയാക്കപ്പെട്ടു.
10000 മീറ്ററിൽ ഗോപി, ഹെപ്റ്റാത്തലണിൽ പൂർണിമ ഹെന്പ്രാം എന്നിവർ വെങ്കലം സ്വന്തമാക്കി. കൂടാതെ, പുരുഷൻമാരുടെ 800 മീറ്ററിൽ ഇന്ത്യയുടെ മലയാളി താരം ജിൻസൻ ജോണ്‍സണും വെങ്കലം കരസ്ഥമാക്കി.
അതേസമയം, വനിതകളുടെ 800 മീറ്ററിൽ മെഡൽ പ്രതീക്ഷയായിരുന്ന ടിന്റു ലൂക്കയ്ക്ക് മത്സരം പൂർത്തിയാക്കാനായില്ല. ഓട്ടത്തിന് ഇടയ്ക്കുവച്ച് ടിന്റു പിൻമാറി.