ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ വനഭൂമി ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന പമ്പാ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരാശരി ഒന്നര ലക്ഷത്തിലധികം ഭക്തര്‍ പ്രതിദിനം ശബരിമലയിലെത്തുന്നതായാണ് കണക്ക്. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സ്ഥലം ശബരിമലയിലില്ല. കൂടുതല്‍ ഭൂമി ലഭിച്ചാല്‍ മാത്രമേ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനാവൂ. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി അംഗീകരിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ന്യായമാണ്. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നു. അന്താരാഷ്ട്ര പ്രശസ്തിയുള്ള ക്ഷേത്രമാണ് ശബരിമല. ശബരിമലയെ സംബന്ധിച്ച് പമ്പ പുണ്യനദിയാണ്. പമ്പയില്‍ മുങ്ങിക്കുളിച്ചാല്‍ പാപം തീരുമെന്നാണ് വിശ്വാസം. അതിനാല്‍ പമ്പയുടെ പരിശുദ്ധി നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ദേവസ്വം മന്ത്രി സേവൂര്‍ എസ്.രാമചന്ദ്രന്‍, തെലുങ്കാന നിയമ വകുപ്പ് മന്ത്രി ഇന്ദിരകരണ്‍ റെഡ്ഡി, കര്‍ണാടക എം.എല്‍.എയും മുന്‍ മന്ത്രിയുമായ പി.എം നരേന്ദ്രസ്വാമി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട എഡിഎം അനു എസ്.നായര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍മാരായ വി.മുരളീകൃഷ്ണന്‍, വി.ശങ്കരന്‍പോറ്റി, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമി
RELATED ARTICLES