കണ്ണൂർ സ്വദേശി യുഎഇയില്‍ നടത്തിയ കള്ളക്കളിയുടെ ദൃശ്യങ്ങൾ പുറത്ത്(video)

0
56


കണ്ണൂർ സ്വദേശി യുഎഇയില്‍ നടത്തിയ കള്ളക്കളിയുടെ ദൃശ്യങ്ങൾ പുറത്ത്. മലയാളിയുടെ 65,000 ദിർഹം മോഷ്ടിച്ചത് സി സി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. ഖോര്‍ഫക്കാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ചാവക്കാട് സ്വദേശി കെ മുസ്തഫയാണ് തട്ടിപ്പിന് ഇരയായത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീര്‍ എന്ന് പരിചയപ്പെടുത്തിയയാളാണ് പണവുമായി കടന്നുകളഞ്ഞത്. തന്റെ സൂപ്പര്‍മാര്‍ക്കറ്റ് വില്‍ക്കാനുണ്ടെന്ന് കാണിച്ച് മുസ്തഫ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ട് കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്ന് പരിചയപ്പെടുത്തി ഇയാള്‍ മുസ്തഫയെ ബന്ധപ്പെട്ടു. ഇതോടെ മുസ്തഫ ഇയാളെ കടയിലേക്ക് ക്ഷണിച്ചു.
തുടര്‍ന്ന് പ്രതിമാസം എത്ര ദിര്‍ഹമിന്റെ വ്യാപാരം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാനായി തന്നെ കടയില്‍ നിര്‍ത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. മുസ്തഫ ഇത് അനുവദിക്കുകയും ചെയ്തു. ജൂലൈ 4 നാണ് ഇയാള്‍ കടയിലെത്തുന്നത്. ആരെയും ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു പെരുമാറ്റം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, കടയില്‍ പണം സൂക്ഷിക്കുന്നത് എവിടെയാണെന്ന് മുസ്തഫ തന്ത്രപൂര്‍വ്വം മനസ്സിലാക്കിയിരുന്നു.
ഉടമ പറഞ്ഞതിനനുസരിച്ചുള്ള തുകയുടെ കച്ചവടം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതായും താന്‍ കട വാങ്ങാന്‍ ഒരുക്കമാണെന്നും ഇയാള്‍ അറിയിച്ചു. കുറച്ച് പണം തനിക്ക് ലഭിക്കാനുണ്ടെന്നും കിട്ടിക്കഴിഞ്ഞാല്‍ കടയേറ്റെടുക്കാമെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ ജൂലൈ 24 ന് മുസ്തഫ 35,000 ദിര്‍ഹം കടയില്‍ സൂക്ഷിച്ചിരുന്നു. കടയുടെ ലൈസന്‍സ് പുതുക്കാനായിരുന്നു ഈ തുക.
കൂടാതെ അന്നത്തെ വരുമാനവും കടയില്‍ തന്നെ വെച്ചു. രാത്രി കടയടച്ച് എല്ലാവരും താമസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ കടയില്‍ എത്തിയപ്പോഴാണ് അത്രയും പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. മുഹമ്മദ് ബഷീര്‍ കടയില്‍ നിന്ന് പണമെടുത്ത് രക്ഷപ്പെടുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഉടന്‍ താമസ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും ഇയാള്‍ കടന്നുകളഞ്ഞിരുന്നു. വൈകീട്ട് ടെലിഫോണ്‍ കാര്‍ഡ് എജന്റ് കടയിലെത്തിയപ്പോഴാണ് ഇയാള്‍ മറ്റൊരു തട്ടിപ്പുകൂടി നടത്തിയതായി വെളിപ്പെട്ടത്.12,000 ദിര്‍ഹമിന്റെ കാര്‍ഡുകളും ഇയാള്‍ വാങ്ങിയിട്ടുണ്ട്. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കള്‍ യുഎഇയില്‍ ഉണ്ടെന്ന് കണ്ടെത്തി മുസ്തഫ അവരെ ബന്ധപ്പെട്ടു.
എന്നാല്‍ അവര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. തുടര്‍ന്ന് മുസ്തഫ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇതോടെ ഖത്തറില്‍ നിന്നടക്കം ഇയാളുടെ തട്ടിപ്പിനിരയായ നിരവധി പേരാണ് കടയുടമയെ ബന്ധപ്പെട്ടത്. അതേസമയം തട്ടിപ്പുവീരന്‍ ഇതുവരെ കണ്ണൂരില്‍ എത്തിയിട്ടില്ല.