ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം എഡിഷനിലെ വിജയിയെ ഉടനെയറിയാം. ബംഗളുരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ബംഗളൂരു എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 8നാണ് മത്സരത്തിന്റെ കിക്കോഫ്. 2015ലെ ഐ.എസ്.എല്‍ ചാമ്ബ്യന്‍മാരായ ചെന്നൈയിന്‍ രണ്ടാം കിരീടം ലക്ഷ്യം ഇടുമ്ബോള്‍ ബംഗളുരു എഫ്.സി തങ്ങളുടെ ആദ്യ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.അതേസമയം ഇതുവരെ നടന്ന ഐ.എസ്.എല്‍ ഫൈനലുകളില്‍ സ്വന്തം ഗ്രൗണ്ടില്‍ ആരും ഇതുവരെ ജയം നേടിയിട്ടില്ല. 2015യില്‍ ഗോവയില്‍ നടന്ന മത്സരത്തില്‍ ഗോവ ചെന്നൈയിനോട് തോറ്റപ്പോള്‍ തൊട്ടടുത്ത തവണ കൊച്ചിയില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സും മുട്ടുമടക്കി. ഈ വര്‍ഷം ബംഗളൂരു എഫ്.സി ചരിത്രം മാറ്റിയെഴുതുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ബ്ലാസ്റ്റിന് ബംഗളൂരു
ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ബംഗളൂരു എഫ്സി. ഇത്തവണ ലീഗ് ഘട്ടത്തില്‍ ഏറ്രവും കൂടുതല്‍ പോയിന്റ് നേടിയ ടീമാണ് ബംഗളൂരു. എന്നാല്‍ ഇതുവരെ പോയിന്റ് ടേബിളില്‍ മുന്നിലുള്ള ടീം ചാമ്ബ്യന്‍മാരായിട്ടില്ല. ഇത്തവണ ആ ഭാഗ്യക്കേട് മാറ്രാനാകുമെന്ന് ബംഗളൂരു സ്വപ്നം കാണുന്നു.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നുവെന്നത് ബംഗളൂരുവിന് അനുകൂല ഘടകമാണ്.
ആകെ 38 ഗോളുകള്‍ അവര്‍ സ്കോര്‍ ചെയ്തു. 20 മത്സരങ്ങളില്‍ നിന്നും അവര്‍ 17 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.
അവസാനത്തെ പത്ത് മത്സരങ്ങളിലും ബംഗളൂരു തോറ്റിട്ടില്ല.
സെമിയില്‍ പൂനെയെ കീഴടക്കിയാണ് ബംഗളൂരു ഫൈനലില്‍ എത്തിയത്.
മുന്നേറ്റത്തില്‍ ക്യാപ്ടന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഫോം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം മിക്കുവും ഉദ്ധണ്ഡത സിംഗും നന്നായി കളിക്കുന്നുണ്ട്.
ബാറിന് കീഴില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെ മറികടക്കുകയെന്നതും കഠിനമേറിയ കാര്യമാണ്.
പ്രതീക്ഷയോടെ ചൈന്നൈയിന്‍
ലീഗ് ഘട്ടത്തില്‍ ബംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ 21 ന് പരാജയപ്പെടുത്തിയ ടീമാണ് ചെന്നൈയിന്‍. ധന്‍പാല്‍ ഗണേശിന്റെ അവസാന മിനുട്ടിലെ ഗോളാണ് ചെന്നൈയ്ക്ക് അന്ന് ഗുണമായത്.
ഇത്തവണ ടീമെന്ന രീതിയില്‍ മികച്ച ഒത്തിണക്കത്തോടെ കളിച്ചവരാണ് ചെന്നൈയിന്‍.
ഗോവയുടെ കുന്തമുനകളായ കോറോയേയും ലാന്‍സറോട്ടെയും സെമി ഫൈനലില്‍ വരച്ച വരയില്‍ നിറുത്തിയ അവര്‍ക്ക് സുനില്‍ ഛേത്രിയേയും മിക്കുവിനേയും പിടിച്ചു കെട്ടാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് കരുതുന്നത്.
നിര്‍ണായക മത്സരങ്ങളില്‍ മികച്ച ഫോമിലേക്കുയരുന്ന നായകന്‍ ജെജെ ലാല്‍ പെഖുലയാണ് അവരുടെ കുന്തമുന. ഒപ്പം അധ്വാനിച്ച് കളിക്കുന്ന ഗണേഷും അനിരുദ്ധ് താപ്പയുമെല്ലാം അവരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
ബാറിന് കീഴില്‍ കരണ്‍ജീത്ത് സിംഗ് എന്ന വിശ്വസ്തന്‍ ഇത്തവണയും തങ്ങളെകാക്കുമെന്ന് ചെന്നൈയിന്‍ ആരാധകര്‍ കരുതുന്നു.
2015ലെ ഫൈനലില്‍ കളിച്ച നിരവധി കളിക്കാര്‍ ഇപ്പോഴും ചെന്നൈയിന്‍ എഫ്സിയുടെ ഭാഗത്തുണ്ടെന്നത് ഗ്രിഗറിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മെയില്‍സണ്‍ ആല്‍വസ്, റാഫേല്‍ അഗസ്റ്റോ, ജെജെ, കരണ്‍ജിത് സിംഗ്, എന്നിവരൊക്കെ 2015ലെ ഫൈനലില്‍ ചെന്നൈ ടീമിന് വേണ്ടി കളിച്ചതാണ്. അന്ന് കിരീടം നേടിയ അതേ കളി തുടരാനായിരിക്കും ഇവരുടെ ശ്രമം.