Friday, April 26, 2024
HomeInternationalമാരക രോഗങ്ങൾക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ഫോടനം

മാരക രോഗങ്ങൾക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ഫോടനം

ഭൂമിയെ നരകമാക്കിയ മാരക രോഗങ്ങൾക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ഫോടനം. സൈബീരിയയിലെ കോൾട്ട്‌സവയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച് ഓൺ വൈറോളജി ആൻഡ് ബയോടെക്നോളജിയിലാണു കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. തുടക്കത്തിൽ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും ശ്രദ്ധേയമാവുകയായിരുന്നു.

ഇന്നും വൈദ്യശാസ്ത്രത്തിനു പിടിനൽകാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്ഐവി, എബോള, ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉൾപ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങൾക്കായി സൂക്ഷിച്ചിട്ടുള്ളത്. റഷ്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ ‘രഹസ്യ’ സംഭവങ്ങളുടെ കൂട്ടത്തിലാണ് കോൾട്ട്സവയിലെ സ്ഫോടനവും ഉൾപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ച മുൻപാണ് റഷ്യയുടെ ആണവമിസൈൽ പരീക്ഷണത്തിനിടെ അഞ്ചു ശാസ്ത്രജ്ഞർ മരിച്ചത്. വടക്കു പടിഞ്ഞാറൻ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേർന്നുള്ള അർഹാൻഗിൽസ്ക് മേഖലയിൽ 9എം730 ബുറിവീസ്നിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നതിനിടെയായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ.തുടർന്നു പ്രദേശത്ത് റേഡിയേഷൻ നില ഉയരുകയും ചെയ്തു. പക്ഷേ ഈ സ്ഫോടനത്തെപ്പറ്റിയുള്ള വിവരങ്ങൾ റഷ്യ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

കിഴക്കൻ സൈബീരിയയിലെ ക്രാസ്നോയാസ്ക് മേഖലയിൽ റഷ്യൻ ആയുധ ഡിപ്പോയിൽ വൻ സ്ഫോടനമുണ്ടായതും കഴിഞ്ഞ മാസമാണ്. അതിനു പിന്നിലെ കാരണവും ഇതുവരെ റഷ്യ പുറത്തുവിട്ടിട്ടില്ല. സമാനമായി വെക്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള തീപിടിത്തത്തിന്റെ വിവരങ്ങൾ റഷ്യൻ സർക്കാർ ഔദ്യോഗികമായി പുറത്തുവിടാത്തതും ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉൾപ്പെടെ പ്രതിരോധ വാക്സിനുകൾ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണ് വെക്ടർ. ഇപ്പോഴും പല മാരകരോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചു ഗവേഷണം നടക്കുന്നുമുണ്ട്. 1974ൽ സെന്റർ ഫോർ വൈറോളജി ആൻഡ് ബയോടെക്നോളജി എന്ന പേരിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.

ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമിക്കാൻ റഷ്യ നിർമിച്ചതാണ് ഇൻസ്റ്റിറ്റ്യൂട്ടെന്നാണു പറയപ്പെടുന്നത്. അതിനാൽത്തന്നെ വസൂരിക്കു കാരണമായ വരിയോള വൈറസ്, എബോള, ആന്ത്രാക്സ്, ചില തരം പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബിൽ ഇപ്പോഴും സുരക്ഷിതമായുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. റഷ്യയാകട്ടെ ഇതു നിരാകരിച്ചിട്ടുമില്ല.ഇപ്പോഴും ജൈവായുധ പരീക്ഷണങ്ങൾ ഇവിടെ നടക്കുന്നുണ്ടോയെന്നതും ലോകത്തിനു മുന്നിലെ രഹസ്യമാണ്.1970കളില്‍ ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമിച്ച ചരിത്രവുമുണ്ട് റഷ്യയ്ക്ക്. ലോകത്തിൽ വസൂരി വൈറസുകളെ സൂക്ഷിച്ചിട്ടുള്ള രണ്ട് ലാബറട്ടറികളിൽ ഒന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

1990കളിൽ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടല്‍ ഭീഷണി വരെ നേരിട്ടിരുന്നു. വിഷയത്തിൽ റഷ്യൻ ഭരണകൂടം അടിയന്തരമായി ഇടപെടുകയും ചെയ്തു. ഗവേഷകർക്ക് തൊഴിലില്ലാതാകുന്നതോടെ അവർ മറ്റു രാജ്യങ്ങളിലേക്കു പോകുമെന്നായിരുന്നു ഭയം. മാത്രവുമല്ല ലാബിലെ ബയോളജിക്കൽ സാംപിളുകളായ രോഗാണുക്കളെ ഇറാഖിനും ഉത്തര കൊറിയയ്ക്കുമെല്ലാം കൈമാറുമെന്ന ഭയവുമുണ്ടായിരുന്നു.ഇത്തരത്തിൽ ഏറെ പ്രധാന്യമുള്ളതിനാലാണു ചെറിയൊരു തീപിടിത്തമെന്ന റിപ്പോർട്ടിനു പിന്നാലെ റഷ്യൻ എമർജൻസി മന്ത്രാലയം 13 ഫയർ എൻജിനുകളും 38 അഗ്നിരക്ഷാ സേനാംഗങ്ങളെയും ലാബറട്ടറി കോംപ്ലക്സിലേക്ക് അയച്ചത്.

തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം ആറു നില കെട്ടിടത്തിലേക്ക് അഗ്നിരക്ഷാ സേനയെത്തുകയും ചെയ്തു. ചില നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അഞ്ചാം നിലയിലാണു തീപിടിത്തമുണ്ടായതെന്ന് റഷ്യയുടെ ടാസ് വാർത്താ ഏജൻസി വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനൽചില്ലുകൾ തക‌ർന്നു. എന്നാൽ വൈകാതെ തന്നെ തീയണച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഏകദേശം 30 ചതുരശ്ര മീറ്റർ പ്രദേശത്താണു തീ പടർന്നത്.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണു തീ പടർന്നതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിർമാണത്തൊഴിലാളികളിൽ ഒരാളുടെ കാലിനു പൊള്ളലേറ്റു. പൊള്ളൽ മാരകമായതിനാൽ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

തീപിടിത്തത്തെത്തുടർന്ന് ‘മാരകമായ’ വസ്തുക്കളൊന്നും പുറത്തേക്കു പടർന്നിട്ടില്ലെന്നു കോൾട്ട്‌സവ മേയർ വ്യക്തമാക്കി. അട്ടിമറിയാണോയെന്നു പരിശോധിക്കാൻ അന്വേഷണത്തിന് ഉത്തരവിട്ടതായി മേയർ അറിയിച്ചു. സാനിട്ടറി ഇൻസ്പെക്‌ഷൻ മുറിയിലെ അറ്റകുറ്റപ്പണികൾക്കിടെയായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ. രോഗാണുക്കളെ സൂക്ഷിച്ച മേഖലയിലല്ല സ്ഫോടനമുണ്ടായതെന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.പൊതുജനാരോഗ്യത്തിനു ഹാനികരമായ പ്രശ്നങ്ങളൊന്നും സ്ഫോടനത്തെത്തുടർന്നുണ്ടായിട്ടില്ല. രോഗാണുക്കളൊന്നും പുറത്തേക്കു പടർന്നിട്ടില്ല. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാരക രോഗാണുക്കളെ കെട്ടിടത്തിൽ നിന്നു മാറ്റിയിരിക്കുകയായിരുന്നെന്നും വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കോൾട്ട്‌സവ സയൻസ് സിറ്റിയുടെ മേധാവി നിക്കോളായ് ക്രാസ്നികോവ് അറിയിച്ചു. നിലവിൽ പന്നിപ്പനി, എച്ച്ഐവി, എബോള എന്നിവയ്ക്കുള്ള വാക്സിനുകൾ തയാറാക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട്. എബോള വാക്സിനുകളുടെ പരീക്ഷണം വിജയിച്ചതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചിരുന്നു.

മനുഷ്യരാശിക്കു നേരിടേണ്ടി വന്ന ഏറ്റവും മാരക രോഗങ്ങളിലൊന്ന് എന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച വസൂരി 1980കളിൽ വാക്സിനേഷനിലൂടെ പൂർണമായും തുടച്ചു നീക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും മടങ്ങി വന്നേക്കാമെന്ന ഭീതിയുണ്ട് ഗവേഷകർക്ക്. ജൈവായുധമായി ഇവ മടങ്ങിയെത്തിയേക്കാമെന്ന ആശങ്കയുമുണ്ട്. അതിനാൽത്തന്നെ വസൂരിക്കെതിരെയുള്ള മരുന്നുകളെപ്പറ്റി ഇപ്പോഴും പരീക്ഷണം തുടരുകയാണ്.വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടല്ലാതെ അറ്റ്ലാന്റയിലെ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻസിലാണ് വസൂരിയുടെ സജീവമായ വരിയോള വൈറസുക‌ൾ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുള്ളത്.

ഗവേഷണത്തിന്റെ ഭാഗമായുള്ള ഉപയോഗത്തിനാണ് രാജ്യാന്തരതലത്തിൽ അംഗീകരിച്ച് യുഎസ്, റഷ്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിൽ വസൂരി വൈറസിനെ സൂക്ഷിച്ചത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പക്ഷേ വൈകാതെ തന്നെ പക്കലുള്ള അണുക്കളെ നശിപ്പിക്കുകയോ കൈമാറുകയോ ചെയ്തു. യുഎസിലും റഷ്യയിലും ഇവയിപ്പോഴും സജീവമാണു താനും. വസൂരിക്കെതിരെ കണ്ടെത്തിയ ആദ്യത്തെ മരുന്ന് കഴിഞ്ഞ വർഷം യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് വകുപ്പ് അംഗീകരിച്ചിരുന്നു.അതേസമയം, റഷ്യയിലെ തീപിടിത്തത്തിൽ മാരകരോഗാണുക്കൾ പുറത്തെത്താനുള്ള സാധ്യത കുറവാണെന്നാണു വിദഗ്ധർ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള രോഗാണുക്കളെ സൂക്ഷിക്കുന്നതിൽ രാജ്യാന്തര തലത്തിൽ പല സുരക്ഷാസംവിധാനങ്ങളും നിഷ്കർഷിച്ചിട്ടുണ്ട്.

എബോളയുടെയും വസൂരിയുടെയും പോലുള്ള രോഗാണുക്കളെ സൂക്ഷിക്കുന്നതിന് ‘ലെവൽ 4’ ലാബറട്ടറികൾ നിർമിക്കണമെന്നതാണ് അതിലൊന്ന്. പ്രത്യേക കണ്ടെയ്നറുകളിലാണ് ഇവയെ ശീതീകരിച്ചു സൂക്ഷിക്കുക. ഇവയെ സംരക്ഷിക്കുന്നതിനുള്ള രീതിയും വ്യത്യസ്തമാണ്. വളരെ കുറച്ചു പേർക്കു മാത്രമേ ഇവയെ സൂക്ഷിച്ച ഇടത്തേക്കു പ്രവേശനമുള്ളൂ.സ്ഫോടനമുണ്ടായാലും അതിനെത്തുടർന്ന് ലാബറട്ടറിയിലെ താപനില ഉയരുന്നതും രക്ഷയാണ്.

തീപിടിത്തത്തിൽ 100 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ താപനില ഉയർന്നാൽ വൈറസുകൾ നശിച്ചു പോകും. അങ്ങനെയല്ലെങ്കിൽ മാത്രമേ രോഗാണുക്കളെ സംരക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിൽ നിന്ന് അവ പുറത്തു പോവുകയുള്ളൂ. മാത്രവുമല്ല, തീപിടിത്തത്തിന്റെ ഉറവിടം രോഗാണുക്കളെ സംരക്ഷിച്ചിരിക്കുന്ന ലാബിൽ നിന്നായാൽ മാത്രമേ ഇവയെ പുറത്തെത്തിക്കാനുള്ളത്ര ‘സമ്മർദം’ സൃഷ്ടിക്കപ്പെടുകയുള്ളൂ. വായുവിലൂടെ പടരുന്ന വൈറസാണോയെന്നതും കാറ്റിന്റെ ഗതിയുമെല്ലാം ഇവയുടെ വ്യാപനത്തെ സ്വാധീനിക്കും. കോൾട്ട്‌സവയിൽ പക്ഷേ തൊഴിലാളികൾക്കു പ്രവേശനമുള്ള മേഖലയിലാണ് സ്ഫോടനമുണ്ടായത്. രോഗാണുക്കളെ സൂക്ഷിച്ചിരിക്കുന്നതാകട്ടെ അതീവ സുരക്ഷാ മേഖലയിലും.ലാബിനു നേരെ ഭീകരാക്രമണമുണ്ടായാൽ എങ്ങനെ നേരിടണമെന്നു വരെ ഇവിടെയുള്ളവർക്കു പരിശീലനം നൽകിയിട്ടുണ്ട്. 2006ൽ ലാബിനു സമീപത്തു നിന്ന് ഗ്രനേഡ് ലോഞ്ചറുകൾ ഉൾപ്പെടെ പലതരം ആയുധങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. റഷ്യൻ മാഫിയ സംഘമായിരുന്നു അതിനു പിന്നിലെന്നും അന്നു കണ്ടെത്തി. എന്നാൽ വെക്ടർ ലാബിൽ നേരത്തേ സംഭവിച്ചിരിക്കുന്ന ചില കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്.എബോള വൈറസുള്ള സൂചി യാദൃശ്ചികമായി ശരീരത്തിൽ കുത്തിക്കയറിയതിനെത്തുടർന്ന് 2004ൽ ഇവിടെ ഒരു ഗവേഷകൻ മരിച്ചിരുന്നു.

എബോള ബാധയേറ്റ് റഷ്യയിൽ ഇന്നേവരെ റിപ്പോർട്ട് ചെയ്ത ഒരേയൊരു മരണവും അതായിരുന്നു. മേയ് അഞ്ചിനു സംഭവിച്ച ഈ മരണം പക്ഷേ റഷ്യ ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്തത് മാധ്യമങ്ങൾ സംഭവം പുറത്തുകൊണ്ടു വന്നതിനു ശേഷം മാത്രമായിരുന്നു. ലാബിലെ സുരക്ഷയെപ്പറ്റി അന്ന് സംശയങ്ങൾ ഉയരുകയും ചെയ്തു.

എന്നാൽ ബയോ സേഫ്റ്റിയിലും ബയോ സെക്യൂരിറ്റിയിലും വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിനു രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങളുണ്ടെന്ന് 2016ൽ ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിയതോടെ ആശങ്കയ്ക്കു വിരാമമാവുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments