Saturday, April 27, 2024
HomeInternationalലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി.

ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി.

മാസച്യുസിറ്റ്‌-ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി; യുഎസിലെ മാസച്യുസിറ്റ്‌സിലുള്ള ടഫ്സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ടിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണു ശാസ്ത്രലോകത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാവുന്ന കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. മണൽത്തരിയുടെ വലുപ്പമേയുള്ളൂ സെനോബോട്ടിന്. റോബട്ടെന്നോ ജീവിയെന്നോ വിളിക്കാനാവില്ല. ഭൂമിയിൽ ജീവന്റെ പുതിയ രൂപം എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തിനുള്ളിൽ ഓടിനടന്ന് പ്രത്യേക ഭാഗത്തോ അവയവങ്ങളിലോ മരുന്നെത്തിക്കാനും രക്തധമനികളിലെ തടസ്സം നീക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സൂക്ഷ്മമാലിന്യങ്ങൾ നീക്കാനും സെനോബോട്ട് ഉപയോഗിക്കാം.

 ആഫ്രിക്കൻ തവളയുടെ ഹൃദയത്തിൽ നിന്നും ചർമത്തിൽ നിന്നുമുള്ള മൂലകോശങ്ങൾ എടുത്തു നിർമിച്ച സെനോബോട് ജീവനുള്ള, പ്രോഗ്രാം ചെയ്യാവുന്ന ‘യന്ത്രം’ ആണ്.പ്രോഗ്രാം ചെയ്യുന്നത് കോശങ്ങളെത്തന്നെയാണെന്നു മാത്രം. ഇവയെ രണ്ടായി മുറിച്ചാൽ നിമിഷങ്ങൾക്കകം കൂടിച്ചേർന്നു പഴയരൂപത്തിലാകും.7 ദിവസം വരെ മാത്രം ആയുസ്സുള്ള ഇവ ദൗത്യം അവസാനിച്ചു കഴിഞ്ഞാൽ‌ പ്രകൃതിയിൽ അലിഞ്ഞുചേരുകയും ചെയ്യും. ഈ ജീവിതചക്രം പൂർത്തിയാക്കാൻ വേണ്ട ഊർജം സെനോബോട്ടിന്റെ ശരീരത്തിൽ തന്നെയുണ്ട്.

നിർമാണ ഘടകമായ ഹൃദയകോശങ്ങളുടെ ഓരോ തുടിപ്പും സെനോബോട്ടിനെ മുന്നോട്ടു കുതിക്കാൻ സഹായിക്കും. വിവിധ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തരൂപങ്ങളിൽ ഇതിനെ നിർമിക്കാനാവും. ദൗത്യം എന്തായിരിക്കണം എന്നു പ്രോഗ്രാം ചെയ്യാമെങ്കിലും അത് എങ്ങനെ നിർവഹിക്കണമെന്നു സെനോബോട്ടിനു സ്വയം തീരുമാനിക്കാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments