ബ്രിട്ടനില്‍ ജൂണ്‍ എട്ടിന് ഇടക്കാല തിരഞ്ഞെടുപ്പ്‌

0
64

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ വരുന്ന ജൂണ്‍ എട്ടിന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ബ്രക്‌സിറ്റിനെ തുടര്‍ന്ന് മാസങ്ങളായുള്ള കോലാഹലങ്ങള്‍ക്ക് ശേഷമാണ് നാടകീയമായ പ്രഖ്യാപനം വന്നിരിക്കുന്നത്. ബ്രെക്‌സിറ്റിനായി ജനങ്ങളെടുത്ത തീരുമാനം നടപ്പിലാക്കാന്‍ രാജ്യത്തിനു കൂടുതല്‍ രാഷ്ട്രീയ സ്ഥിരതയും ശക്തമായ നേതൃത്വവും ആവശ്യമാണെന്നും പുതിയൊരു തിരഞ്ഞടുപ്പിലൂടെ ഇത് സാധ്യമാക്കാനാണ് തന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും തെരേസ മേയ് പറഞ്ഞു. നേരത്തെ ഇടക്കാല തിരഞ്ഞടുപ്പിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞിരുന്ന പ്രധാനമന്ത്രി മുന്‍ നിലപാടുകളില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് നടത്താന്‍ അനുമതി തേടിക്കൊണ്ട് നാളെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കും. ഇടക്കാല തിരഞ്ഞെടുപ്പിനെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്.
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ മെയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയെക്കാള്‍ മുന്നിലാണെന്ന് വ്യക്തമായിരുന്നു. 38 46 ശതമാനത്തിനിടയില്‍ വോട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയപ്പോള്‍ പ്രതിപക്ഷത്തിന് അത് 29 ശതമാനത്തോളം മാത്രമായിരുന്നു. പാര്‍ലമെന്റിന്റെ കാലാവധി മൂന്ന് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനു മുമ്പ് തിരഞ്ഞടുപ്പ് നടത്തി കൂടുതല്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് അവരുടെ ലക്ഷ്യം. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ക്ഷീണിച്ചുനില്‍ക്കുന്ന ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ കൂടുതല്‍ സീറ്റോടെ അധികാരത്തില്‍ തിരിച്ചെത്താനാകുമെന്നാണ് തെരേസയുടെ പ്രതീക്ഷ.