Friday, April 26, 2024
HomeInternationalവൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി ബ്രെയിന്‍ കാന്‍സര്‍ അപ്രത്യക്ഷമായി

വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി ബ്രെയിന്‍ കാന്‍സര്‍ അപ്രത്യക്ഷമായി

റിപ്പോർട്ടർ  – പി.പി. ചെറിയാന്‍
ഹെയ്‌സ് കൗണ്ടി (ടെക്‌സസ്): പതിനൊന്നു വയസ്സുള്ള റോക്‌സിലിന് ജൂണ്‍ മാസമായിരുന്നു തലച്ചോറില്‍ കാന്‍സര്‍ രോഗം കണ്ടെത്തിയത്. കാഴ്ച നഷ്ടപ്പെടുന്നതിനും, സംസാരശേഷി നഷ്ടപ്പെടുന്നതിനും ക്രമേണ ശ്വാസ തടസ്സം നേരിടുന്നതിനും സാധ്യതയുള്ള തലച്ചോറിലെ കാന്‍സര്‍ രോഗം ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നതു തികച്ചും അസാധ്യമായിരുന്നു.

രോഗശമനത്തിനായി ആഴ്ചകളോളം കുട്ടിയെ റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ഓപ്പറേഷനിലൂടെ നീക്കം ചെയ്യാവുന്നതായിരുന്നില്ല തലച്ചോറിനെ ബാധിച്ചിരുന്ന കാന്‍സര്‍. മാതാപിതാക്കളായ ജെനയും സ്‌കോട്ടും കുട്ടിക്കുവേണ്ടി നിരന്തരം പ്രാര്‍ഥിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്താനായില്ല. എം ആര്‍ ഐ ടെസ്റ്റിലും കാന്‍സറിന്റെ ചെറിയ അംശം പോലും ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയത്. റോക്‌സിന്‍ ഉന്മേഷവതിയാണെന്നും ഡോക്ടര്‍ പറഞ്ഞു.വൈദ്യശാസ്ത്രത്തെ പോലും അദ്ഭുതപ്പെടുത്തി രോഗസൗഖ്യം എങ്ങനെ സംഭവിച്ചുവെന്ന് പറയാനാകുന്നില്ലെന്ന് കുട്ടിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡെല്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ വെര്‍ജിനിയ ഹരോഡ് സാക്ഷ്യപ്പെടുത്തുന്നു.

ഇപ്പോള്‍ റോക്‌സിന്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെങ്കിലും ഇമ്യുണൊ തെറാപി തുടര്‍ന്നും ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. മകളെ തിരിച്ചു കിട്ടിയത് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വിലയേറിയ ക്രിസ്മസ് സമ്മാനമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments