Saturday, September 14, 2024
HomeSportsഐപിഎല്‍ മത്സരം; ശ്രീശാന്തിന്റെ 'തൂവാലയുടെ ' രഹസ്യം വെളിപ്പെടുത്തി

ഐപിഎല്‍ മത്സരം; ശ്രീശാന്തിന്റെ ‘തൂവാലയുടെ ‘ രഹസ്യം വെളിപ്പെടുത്തി

നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം ശ്രീശാന്തിന്റെ കരിയറില്‍ ഇരുട്ട് വീണത്. 2013 മെയില്‍ നടന്ന ഐപിഎല്‍ മത്സരത്തിലായിരുന്നു മലയാളി താരം ഒത്തുകളിച്ചുവെന്ന ആരോപണം ഉയര്‍ന്നത്.

രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിനിടെ വാതുവയ്പ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്ന് ഇടനിലക്കാര്‍ക്കുള്ള സൂചനയായി ശ്രീശാന്ത് തൂവാല പാന്റിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്ന രീതിയില്‍ ഞൊറിപോലെ മടക്കികുത്തി വെച്ചുവെന്നായിരുന്നു പോലീസ് വാദം. ശ്രീശാന്തിനെതിരെ ഡല്‍ഹി പോലീസ് പ്രധാന തെളിവായെടുത്തതും ഈ തൂവാലയാണ്. ആ ഓവറില്‍ ശ്രീശാന്ത് 13 റണ്‍സ് വഴങ്ങിയതും താരത്തെ സംശയമുനയില്‍ നിര്‍ത്തിയിരുന്നു.

എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം ആ തൂവാലയുടെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. വിസ്ഡണ്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് അന്നത്തെ ആ തൂവാലയെക്കുറിച്ച് പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡിനെ അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു താനെന്നും കരിയറില്‍ മോശം പ്രകടനം പുറത്തെടുക്കുന്ന സമയത്ത് തിരിച്ച് ഫോമിലേക്ക് വരാന്‍ അത് സഹായിക്കാറുണ്ടായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.

‘ആം ബാന്‍ഡോ തൂവാലയോ ചുവപ്പ് ചായമോ അടയാളമായി ഞാന്‍ ഉപയോഗിക്കാറുണ്ടെന്നാണ് ജിജു ജനാര്‍ദ്ദന്‍ പോലീസിനോട് പറഞ്ഞത്. ഇതെല്ലാം ഞാന്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ അത് ഇടനിലക്കാര്‍ക്ക് സൂചന നല്‍കാനാല്ല. ഞാന്‍ അലന്‍ ഡൊണാള്‍ഡിനെ സ്‌നേഹിക്കുന്നതിനാലാണെന്നും’ ശ്രീശാന്ത് വ്യക്തമാക്കി.

‘ഇങ്ങനെ ഞാന്‍ മുമ്പും ചെയ്തിട്ടുണ്ട്. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മുഖത്ത് സിങ്ക് ഓക്സൈഡ് തേക്കാറുണ്ട്, ഡൊണാള്‍ഡിനെപ്പോലെ. അതിനര്‍ത്ഥം ആ മത്സരങ്ങളിലെല്ലാം ഒത്തുകളി നടന്നിട്ടുണ്ട് എന്നാണോ? മോശം ബൗളിങ്ങാകുമ്പോള്‍ ഞാന്‍ അത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. അത് ഫോം തിരിച്ചെടുക്കാന്‍ എന്നെ സഹായിക്കാറുമുണ്ട്. അന്ന് ആദ്യ ഓവര്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ തൂവാല വെക്കുന്നതിന് ഞാന്‍ അമ്പയര്‍ കുമാര്‍ ധര്‍മ്മസേനയോട് അനുവാദം വാങ്ങിയിരുന്നു. സ്റ്റമ്പ് മൈക്രോഫോണില്‍ എന്റെ ആ സംഭാഷണമുണ്ടാകും.’ ശ്രീശാന്ത് പറയുന്നു.

പത്ത് ലക്ഷത്തിന് വേണ്ടി ആരെങ്കിലും ഒത്തുകളിക്കുമോ? നിങ്ങള്‍ എന്നെ കുറ്റവാളിയാക്കുകയാണെങ്കില്‍ ഒരു പത്ത് കോടിക്കോ അതിന് മുകളിലുള്ളതിനോ ആക്കൂ. വെറും പത്ത് ലക്ഷം രൂപക്കു വേണ്ടി ഞാന്‍ എന്റെ കരിയര്‍ എന്തിന് നശിപ്പിക്കണമെന്നും ശ്രീശാന്ത് ചോദിക്കുന്നു.

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി കഴിഞ്ഞാഴ്ച്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ബിസിസിഐ ശ്രീശാന്തിന് എന്‍.ഒ.സി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മലയാളി താരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments