ബംഗുളൂരുവില്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ എന്‍.ശരത്തി (19)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ശരത്തിനെ കാണാതായത്. ശരത്തിനെ വിട്ടുകിട്ടാന്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. ശരത്തിന്റെ സഹോദരിയുടെ ഫോണിലേയ്ക്കാണ് സന്ദേശം എത്തിയത്. മോചനദ്രവ്യം നല്‍കാത്ത പക്ഷം അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ശരത്തിന്റെ സഹോദരിയെയയാണെന്നും പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കരുതെന്നും സന്ദേശത്തിലുണ്ട്.
ഇതിനിടെ, സംഭവത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ട ശരത്തിന്റെ കുടുംബവുമായി ബന്ധുമുള്ള ഒരാളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും കണ്ടെടുത്തിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.