എച്ച് 1 ബി വിസ നിർത്തിവയ്ക്കുന്ന ഉത്തരവിൽ ട്രമ്പ് ഒപ്പുവച്ചു

വാഷിംങ്ടൺ ഡി.സി: – ഇമ്മിഗ്രേഷൻ നിയന്ത്രണങ്ങളുടെ ഭാഗമായി എച്ച് 1B  വിസ ,ഗസ്റ്റ് വർക്ക് പ്രോഗ്രാം എന്നിവ  താൽകാലികമായി  നിർത്തിവയ്ക്കുന്ന ഉത്തരവിൽ ട്രമ്പ്  ഒപ്പുവച്ചു.

ജൂൺ 22 തിങ്കളാഴ്ച വൈകിട്ട് ഒപ്പുവച്ച എക്സിക്യൂട്ടിവ് ഉത്തരവ്  ജൂൺ 24 മുതൽ നിലവിൽ വരും.

കൊറോണ വൈറസിനെ തുടർന്ന് ലോക്ഡൗൺ നിലവിൽ വരികയും ഇവിടെയുള്ള നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വിദേശ ജോലിക്കാരെ ഒഴിവാക്കി തദ്ദേശീയർക്കു  തൊഴിൽ നൽകുക എന്ന ലക്ഷ്യമാണ് പുതിയ ഉത്തരവിന്റെ പുറകിലുള്ളതെന്നു അറിയുന്നു . 
 H-1B ടെക്ക് വർക്കർ വിസ, H-2B സീസണൽ വർക്കർ വിസ ,എഡ്യൂക്കേഷൻ എക്സ്ചേഞ്ച് വിസിറ്റർ വിസ, എൽ എക്സിക്യൂട്ടിവ് ട്രാൻസ്ഫർ വിസ എന്നിവയാണ് ഡിസംബർ 31  വരെ തൽക്കാലം നിർത്തിവക്കുന്നത്.

എന്നാൽ, വിസകൾ  കൈവശമുള്ളവരെ സംബന്ധിച്ച് ഈ ഉത്തരവ് ബാധകമല്ല .ഹെൽത് കെയർ വർക്കേഴ്സിനെ ഉത്തരവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. H-2A അഗ്രിക്കൾച്ചർ ഗസ്റ്റ് വർക്കർ പ്രോഗ്രാമിനും ഉത്തരവ് ബാധകമല്ല.

എക്സിക്യൂട്ടിവ് ഉത്തരവ് നിലനിൽക്കുന്ന  ഡിസംബർ മുപ്പത്തിയൊന്നു വരെ  600,000 സ്‌കിൽഡ് തൊഴിലുകളെയാണ്  ഇതു സാരമായി ബാധികുക. അമേരിക്കൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ  ഏതൊരു തൊഴിലിനും തിരഞ്ഞെടുക്കപ്പെടുന്നതിന് അമേരിക്കക്കാർക്കായിരിക്കണം മുൻഗണന നൽകുകയെന്ന് സീനിയർ അഡ്മിനിസ്ട്രേഷൻ അധികൃതർ  പറയുന്നു.

ഡമോക്രാറ്റുകളും ഇമിഗ്രേഷൻ ആക്ടിവിസ്ററുകളും ഉത്തരവിനെ ശക്തിയായി എതിർത്തപ്പോൾ അമേരിക്കൻ തൊഴിലാളികൾ  ഇതിനെ സ്വാഗതം ചെയ്യുന്നതായി ടെക്സസിൽ നിന്നുള്ള റിപ്പബ്ളിക്കൻ പ്രതിനിധി ലാൻസ് ഗോഡൻ പറഞ്ഞു.