കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന- പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി : കോവിഡ് -19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല  എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

പിഴവ് വരുത്തരുത്, നമുക്ക് ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്… കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല, ഈ  വൈറസിന്‍റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം ഗെബ്രെയൂസസ് വ്യക്തമാക്കി.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധ നടപടിയായി നടപ്പാക്കിയിട്ടുള്ള  lock down നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകാന്‍ സാധ്യത കൂടുതലാണെന്നും WHO മേധാവി മുന്നറിയിപ്പ് നല്‍കി.

ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണെന്നും  ആഫ്രിക്ക,  അമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.  കൊറോണ വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്, അദ്ദേഹം പറഞ്ഞു.  

ലോകത്താകമാനമായി ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1.75 ലക്ഷം കടന്നു. 26 ലക്ഷത്തിലധികം ജനങ്ങള്‍ രോഗബാധിതരാണ്.