സി.കെ വിനീതും റിനോ ആന്റോയും കളി കാണാനെത്തിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ അസഭ്യം പറഞ്ഞ ബെംഗളൂരു എഫ്.സി ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എട്ടിന്റെ പണി. ബെംഗളൂരു എഫ്.സിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ബെംഗളൂരു എഫ്.സിയുടെ ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെതിരെ നിരവധി ട്രോളുകളും മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
കുളിച്ചൊരുങ്ങി നില്‍ക്കൂ, പണി ഞങ്ങള്‍ തരുന്നുണ്ട് എന്നാണ് ബെംഗളൂരുവിനെതിരായ ഒരു ട്രോളില്‍ പറയുന്നത്. ബെംഗളൂരു എഫ്.സിയുടെ ശൂന്യമായ ഗാലറിയെയും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വെറുതെ വിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനു മഞ്ഞക്കടലായി മാറിയ കലൂര്‍ സ്റ്റേഡിയത്തിന്റെ ഫോട്ടയും ആളില്ലാത്ത ബെംഗളൂരു എഫ്.സി ഗാലറിയുടെ ഫോട്ടോയും ചേര്‍ത്താണ് ട്രോള്‍.
ആന തിടമ്പെടുക്കുന്നത് കണ്ട് ആട് മുക്കരുതെന്നും ഇതൊരു വാര്‍ഡിലോ ബ്ലോക്കിലോ ഉള്ള താളം വിടലല്ലെന്നും മഞ്ഞക്കടലിരമ്പത്തില്‍ മുങ്ങിത്താഴുന്ന ആ സുന്ദരനിമിഷം ആസ്വദിക്കാന്‍ തയ്യാറായിക്കോളു എന്നുമൊക്കെയാണ് ഒരു ആരാധകന്റെ കമന്റ്. ‘വെറുതെ ചൊറിയാന്‍ നിക്കണ്ട മക്കളെ. മഞ്ഞപ്പട മുള്ളിയാല്‍ ഒലിച്ചു പോവാന്‍ മാത്രമേ നിങ്ങളൊക്കേയൂള്ളു’ മറ്റൊരു ആരാധകന്‍ തന്റെ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്.
വ്യാഴാഴ്ച്ച കണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരുവിന്റെ എ.എഫ്.സി കപ്പ് സെമിഫൈനലിന്റെ ആദ്യപാദം നടന്നിരുന്നു. അതു കാണാന്‍ ആരാധകരായി വിനീതും റിനോ ആന്റോയുമെത്തി. മുമ്പ് കളിച്ച ക്ലബ്ബിനോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് വിനീതും റിനോയും ഗാലറിയിലിരുന്ന് ആരാധകര്‍ക്കൊപ്പം കളി കണ്ടത്. വെസ്റ്റ് ബ്ലോക്കിലിരുന്ന് കളി കാണുക എന്നത് ഇരുവരുടെയും ആഗ്രഹവുമായിരുന്നു. പക്ഷേ ആരാധകരുടെ ഭാഗത്ത് നിന്ന് അവര്‍ക്ക് മോശം പ്രതികരണമാണ് ലഭിച്ചത്.
വിനീതിനെയും റിനോയെയും ആരവത്തോടെ തന്നെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇരുവരുടെയും ഇപ്പോഴത്തെ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് അപമാനിച്ചു. ബ്ലാസ്റ്റേഴ്സിനെ കൂട്ടത്തോടെ ഒരുമിച്ച് അവര്‍ അസഭ്യം പറഞ്ഞു. മത്സരത്തില്‍ 3-0ത്തിന് ബെംഗളൂരു വിജയിച്ചെങ്കിലും വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ പ്രവൃത്തി ഫുട്ബോള്‍ ലോകത്തെ ആകെ നാണക്കേടിലാക്കിയിരിക്കുകയാണ്.