ലോകത്തെ ഏറ്റവും ഭാരം കൂടിയ സ്ത്രീ അന്തരിച്ചു

iman

ലോകത്തെ ഏറ്റവും ഭാരം കൂടിയ സ്ത്രീ അന്തരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ ഭാരംകുറയ്ക്കല്‍ ചികിത്സയ്ക്ക് വിധേയായ ശേഷം അബുദാബിയില്‍ തുടര്‍ചികിത്സയിലായിരുന്ന ലോകത്തെ ഏറ്റവും ഭാരം കൂടിയ സ്ത്രീ ഇമാന്‍ അഹ്മദ് (37) അന്തരിച്ചു. ഹൃദ്രോഗവും വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണകാരണം.

ഈജിപ്തിലെ അലക്സാന്‍ഡ്രിയ സ്വദേശിനിയായ ഇമാന് 500 കിലോയിലേറെ ഭാരമുണ്ടായിരുന്നു. രണ്ടുദശകമായി വീടിനു പുറത്തിറങ്ങാന്‍പോലുമാകാതിരുന്ന അവരെ പ്രത്യേകവിമാനത്തില്‍ ആധുനിക സൌകര്യമൊരുക്കിയാണ് ഫെബ്രുവരിയില്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.ഡോക്ടര്‍ മുഫാസല്‍ ലക്ദവാലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. 324 കിലോ ഭാരം കുറയ്ക്കാനായി. ഇതിനായി അവര്‍ നിരവധി ശസ്ത്രക്രിയക്ക് വിധേയയായി. മൂന്നുകോടിയോളം രൂപ ചെലവുവരുന്ന ചികിത്സ സൌജന്യമായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. 65 ലക്ഷം രൂപയോളം സംഭാവനയായി ലഭിച്ചു.

മുംബൈയില്‍ നിന്നും തുടര്‍ചികിത്സയ്ക്കായാണ് അബുദാബിയിലെ വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ഇമാന് 176 കിലോയായിരുന്നു ഭാരം. എന്നാല്‍ മുംബൈയിലെ ചികിത്സ ഫലപ്രദമായിരുന്നില്ല എന്നാരോപിച്ച് ഇമാന്റെ ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. അബുദാബിയിലെ ആശുപത്രിയില്‍ ഇമാന്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് കഴിഞ്ഞയാഴ്ചയും മാധ്യമറിപ്പോര്‍ട്ടുണ്ടായിരുന്നു.