ഇന്ത്യന്‍ ജയിലുകളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 39 പാക്ക് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. 21 തടവുകാരെയും സമുദ്രാതിർത്തി ലംഘിച്ച 18 മത്സ്യതൊഴിലാളികളെയുമാണ് മോചിപ്പിക്കു.. മാർച്ച് ഒന്നിന് തടവുകാരെ പാക്കിസ്ഥാന് കൈമാറും.
മോചിപ്പിക്കേണ്ടവരെ കണ്ടെത്തിയിട്ടുണ്ടെന്നും പാക്കിസ്താന്‍ ഇവരുടെ പൗരത്വം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അടുത്തിടെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ നേതാവുമായ ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. സയീദിനെയും കൂട്ടാളികളെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.
നിയന്ത്രണ രേഖ മുറിച്ചുകടന്നതിനെ തുടർന്ന് പാക്ക് തടവിലായ ഇന്ത്യൻ സൈനികനെ മോചിപ്പിച്ച ശേഷം ശിക്ഷാകാലാവധി തീർന്ന 33 പാക്ക് തടവുകാരെ വിട്ടയക്കണമെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്‍മദിനമായ ഡിസംബര്‍ 25ന് ഇരുന്നൂറോളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്താന്‍ മോചിപ്പിച്ചിരുന്നു. ഇവരെ രണ്ടു തവണയായി വാഗാ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു.