Friday, May 17, 2024
HomeKeralaബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെയില്ല

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെയില്ല

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെയില്ല . കോട്ടയം എസ്പി ഓഫിസില്‍ ഐജി വിജയ് സാഖറെ, എസ്പി ഹരിശങ്കര്‍ എന്നിവരുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയശേഷമാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയായശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന് ഡിജിപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ധൃതിപിടിച്ചുള്ള നീക്കങ്ങള്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഏറ്റവും അവസാനമായിരിക്കും ചോദ്യം ചെയ്യുക. കേസിന്റെ തുടര്‍നടപടിക്രമങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു. അതേസമയം, കേരളത്തിന് പുറത്തുനിന്നുള്ള തെളിവെടുപ്പിന് പോവാന്‍ അന്വേഷണസംഘത്തിന് ഡിജിപി അനുമതി നല്‍കി. കേസിന്റെ അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ ഡല്‍ഹിക്ക് തിരിക്കും. കന്യാസ്ത്രീയുടെ പരാതി ലഭിച്ചിരുന്നോവെന്ന കാര്യം വത്തിക്കാന്‍ എംബസി ഉദ്യോഗസ്ഥരില്‍നിന്ന് അന്വേഷണസംഘം സ്ഥിരീകരിക്കും. കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയ യുവതിയില്‍നിന്നും ഭര്‍ത്താവില്‍നിന്നുമുള്ള മൊഴിയെടുപ്പ് പൂര്‍ത്തീകരിക്കും.ഉജ്ജന്‍ രൂപതാ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിനോട് പിഡനവിവരം അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ഈ സാഹചര്യത്തില്‍ ഈ ബിഷപ്പിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ജലന്ധറിലേക്ക് പോവുക. അന്വേഷണസംഘത്തിനാവശ്യമായ സഹായം വേണമെന്ന് പഞ്ചാബ് പോലിസിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേസിലെ അന്വേഷണം തൃപ്തികരമാണെന്ന് അവലോകന യോഗത്തിനുശേഷം ഡിജിപി വ്യക്തമാക്കി. പുറത്തുള്ള വ്യാഖ്യാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തനിക്കാവില്ല. പോലിസ് ഉത്തരം പറയേണ്ടത് കോടതിയോടാണെന്നും ഡിജിപി പ്രതികരിച്ചു. ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ അസാന്നിധ്യം ശ്രദ്ധേയമായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments