Wednesday, May 1, 2024
HomeInternationalകുറ്റവാളിയെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

കുറ്റവാളിയെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

മകന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിനെ കെട്ടിപ്പിടിച്ച് കൊണ്ട് ആ അച്ഛന്‍ പറഞ്ഞു, ‘നിന്നോട് ഞാന്‍ പൊറുത്തിരിക്കുന്നു. പൊറുക്കാനാണ് ഇസ്ലാം മതം എന്നെ പഠിപ്പിച്ചത്.’

ഹൃദയഭേദകമായ സംഭവം അരങ്ങേറിയത് അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ ദയാപൂര്‍വ്വമായ വാക്കുകള്‍ കേട്ട് കുറ്റവാളി കോടതി മുറിയില്‍ വെച്ച് പൊട്ടി കരഞ്ഞു. കണ്ട് നിന്ന ജഡ്ജിക്കും സഹിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു സമയത്തേക്ക് കോടതി പിരിഞ്ഞിരിക്കുന്നു എന്ന് കണ്ണീരണിഞ്ഞു പറഞ്ഞു കൊണ്ടാണ് ജഡ്ജി തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഇറങ്ങിയത്.

2015 ഏപ്രിലിലാണ് 22കാരനായ സലാഹുദ്ദീന്‍ ജിത്ത്മോദ് കൊലചെയ്യപ്പെടുന്നത്. പിസ്സാ ഹട്ട് ഡെലിവറി ഡ്രൈവറായിരുന്ന സലാഹുദ്ദീന്‍ അന്നത്തെ അവസാനത്തെ പിസ്സ എത്തിച്ചു നല്‍കുമ്പോഴാണ് മോഷണത്തിനിരയായി കൊലചെയ്യപ്പെടുന്നത്.

കെന്ററകിയിലെ ലെക്‌സിങ്ടണിലെ ഫ്‌ലാറ്റില്‍ ഓര്‍ഡറനുസരിച്ച് ഭക്ഷണം നല്‍കാന്‍ എത്തിയതായിരുന്നു സലാഹുദ്ദീന്‍.അവിടെ വെച്ച് മോഷണത്തിനിരയായി കുത്തേറ്റായിരുന്നു സലാഹുദ്ദീന്റെ മരണം.

മൂന്ന് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ട്രെയ് അലക്‌സാണ്ടര്‍ റെല്‍ഫോര്‍ഡിനെതിരെ മാത്രമാണ് കുറ്റം ചുമത്തപ്പെട്ടത്.31 വര്‍ഷത്തെ കഠിന തടവാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

‘തന്റെ മകന്‍ സലാഹുദ്ദീന്റെ പേരിലും അവന്‍ മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് മരിച്ച അവന്റെ അമ്മയുടെ പേരിലും ഞാൻ നിന്നോട് പൊറുക്കുന്നു’ എന്നാണ്  അബ്ദുൾ മുനിം സൊമ്പാത്ത് ജിത്ത്മോദ്,  തന്റെ മകന്റെ ഘാതകനായ റെൽഫോർഡ് എന്ന യുവാവിനോട് കോടതി മുറിയില്‍ വെച്ച് പറഞ്ഞത്.

‘നഷ്ടപ്പെട്ടത് തിരിച്ചു നല്‍കാൻ ഇനി എനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും അന്ന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും’ കുറ്റബോധം നിഴലിച്ച മുഖവുമായി നിറകണ്ണുകളോടെയാണ് റെൽഫോർഡ് ആ പിതാവിന് മറുപടി നൽകുന്നത്.

‘നിന്നെ ഞാന്‍ കുറ്റം പറയില്ല,നിന്നെ അത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച പിശാചിനോടാണ് എനിക്ക് വിരോധം’  ജിത്ത്മോദ് കോടതി മുറിയില്‍ വെച്ച് മകന്റെ മരണത്തിനുത്തരവാദിയായ റെല്‍ഫോര്‍ഡിനോട് പറഞ്ഞു. വിചാരണക്കൂട്ടില്‍ നിന്നിറങ്ങിയ ജിത്ത്‌മോദ് കോടതി പിരിയും മുമ്പ് റെല്‍ഫോര്‍ഡിനെ വാരിപ്പുണരുന്ന ദൃശ്യം കോടതി മുറിയെ ആകെ കണ്ണീരിലാഴ്ത്തി. തുടർന്ന് ജീത്ത്മോദിന്റെ ബന്ധുക്കളും കുറ്റവാളിയായ റെൽഫോർഡിന്റെ രക്ഷിതാക്കളും പരസ്പരം വാരിപ്പുണർന്നു. ഈ അപൂർവ്വ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചപ്പോൾ കോടതി അല്‍പസമയത്തേക്ക് പിരിയുകയാണെന്ന് ഇടറിയ വാക്കുകളോടെ അറിയിക്കുന്ന ജഡ്ജിയെയും ദൃശ്യങ്ങളിൽ കാണാം.

മോഷണത്തിന് പദ്ധതിയിട്ടത് താനാണെങ്കിലും കൊലപാതകം നടത്തിയത് താനല്ലെന്ന് റെല്‍ഫോര്‍ഡ് കോടതി മുറിയില്‍ വെച്ച് പറഞ്ഞു. യഥാർഥ കുറ്റവാളിയെ റെൽഫോർഡ് പോലീസിന് കാണിച്ചു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജീത്തമോദ് മറുപടിയും നൽകി.

തായ്‌ലാന്റുകാരനായ ജിത്തമോദ് യുഎസ്സിലെ നിരവധി ഇസ്ലാമിക് സ്‌കൂളുകളിലെ പ്രിന്‍സിപ്പാളായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പ് മിസ്സോറി സ്‌കൂളില്‍ നിന്നാണ് അദ്ദേഹം വിരമിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments