പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലി

google

സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി നേടിയിരിക്കുന്നത് ചെറിയ നേട്ടമൊന്നുമല്ല. 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലിയാണ് ഈ മിടുക്കന്‍ കരസ്ഥമാക്കിയിരിക്കുന്നത്. അതും ഗൂഗിളില്‍. ചണ്ഡിഗഢ് സെക്ടര്‍ 33ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മ്മയ്ക്കാണ് ആരെയും മോഹിപ്പിക്കുന്ന ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി ലഭിച്ചത്. ഗൂഗിളിന്റെ ഐക്കണ്‍ ഡിസൈനിങ് വിഭാഗത്തിലാണ് ഹര്‍ഷിതിന് ജോലി ലഭിച്ചത്. ഓഗസ്റ്റ് പകുതിയോടെ ജോലിയില്‍ പ്രവേശിക്കാനായി ഹര്‍ഷിത് അമേരിക്കയിലേക്ക് പോകും. ഗ്രാഫിക് ഡിസെനില്‍ ഔദ്യോഗിക ബിരുദമോ പരിശീലനമോ ഇല്ലാതെയാണ് ഹര്‍ഷിത് ഈ നേട്ടം സ്വന്തമാക്കിയത്. ഒരു വര്‍ഷത്തെ പരിശീലനക്കാലയളവില്‍ നാല് ലക്ഷം രൂപയും അതിന് ശേഷം 12 ലക്ഷം രൂപയുമായിരിക്കും ഹര്‍ഷിതിന് മാസശമ്പളം. സര്‍ക്കാര്‍ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ ഐ.ടി മുഖ്യ വിഷയമായെടുത്താണ് ഹര്‍ഷിത് പഠിച്ചത്. പല ജോലികള്‍ക്കായും താന്‍ ഇന്റര്‍നെറ്റില്‍ പരതാറുണ്ടായിരുന്നെന്നും ഗൂഗിളിലെ അവസരം ശ്രദ്ധയില്‍പെട്ടതോടെ കഴിഞ്ഞ മേയില്‍ അപേക്ഷ അയക്കുകയായിരുന്നുവെന്നും ഹര്‍ഷിത് പറഞ്ഞു. പത്ത് വര്‍ഷത്തോളമായി ഗ്രാഫിക് ഡിസൈനിങില്‍ കമ്പമുണ്ടായിരുന്ന ഹര്‍ഷിത് സ്വന്തമായി ഡിസൈന്‍ ചെയ്ത പോസ്റ്ററുകളും അപേക്ഷയോടൊപ്പം അയച്ചു. ശേഷം ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ഹര്‍ഷിതെന്നാണ് അധ്യാപകരുടെ അഭിപ്രായം. ബോളിവുഡ്, ഹോളിവുഡ് താരങ്ങള്‍ക്കുവേണ്ടി പോസ്റ്ററുകള്‍ ചെയ്തിട്ടുണ്ട് ഈ മിടുക്കന്‍. 40,000 മുതല്‍ 50,000 വരെയാണ് ഒരു പോസ്റ്ററിന് പ്രതിഫലമായി കിട്ടിയിരുന്നത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ സമ്മാനമടക്കം നിരവധി അംഗീകാരങ്ങളാണ് ഈ ഹരിയാനക്കാരനെ തേടിയെത്തിയത്.