പ്രണയം നിരസിച്ച പെണ്‍കുട്ടി കൊലക്കത്തിക്ക് ഇരയായി

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ വെച്ച് കത്തി കൊണ്ട് കഴുത്തറുത്തു. മുറിവേറ്റതിന് ശേഷവും പെണ്‍കുട്ടി പ്രതിയില്‍ നിന്നും രക്ഷപ്പെട്ട് പ്രാണന് വേണ്ടി ഓടിയെങ്കിലും കുറച്ച് ദൂരം പിന്നിടുമ്പോഴേക്കും തളര്‍ന്ന് വീണു. ചണ്ഡീഗഡിലെ ഒരു നഗരത്തിലാണ് പട്ടാപ്പകല്‍ ഈ ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. 17 വയസ്സുള്ള പൂജ എന്ന പെണ്‍കുട്ടിയാണ് 19 വയസ്സുള്ള സുനിലിന്റെ കൊലക്കത്തിക്ക് ഇരയായി ജീവന്‍ വെടിഞ്ഞത്.
രണ്ട് പേരും പരസ്പരം അറിയാവുന്നവരായിരുന്നു. മാത്രമല്ല കഴിഞ്ഞ കുറച്ച് കാലങ്ങളായി സുനില്‍ പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവാവിനെ പ്രണയിക്കാന്‍ പൂജ ഒരുക്കമായിരുന്നില്ല.
ഇന്നലെ രാവിലെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ അടുത്തുള്ള പച്ചക്കറി കടയില്‍ ജോലി നോക്കുന്ന സുനില്‍ ഒഴിഞ്ഞ ഭാഗത്തേക്ക് സംസാരിക്കാന്‍ വിളിച്ചു. സംസാരം പിന്നീട് വാക്കേറ്റത്തിലേക്ക് വഴി മാറി. ഒടുവിലായിരുന്നു കൈയ്യില്‍ കരുതിയ കത്തിയെടുത്ത് സുനില്‍ പൂജയുടെ കഴുത്തിന് നേര്‍ക്ക് വീശിയത്. കഴുത്തിന് വെട്ടേറ്റ പെണ്‍കുട്ടി പ്രതിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയെങ്കിലും കുഴഞ്ഞു വീണു. പട്ടാപ്പകല്‍ ഏവരും നോക്കി നില്‍ക്കവെയായിരുന്നു ഈ കൊടും ക്രൂരകൃത്യം അരങ്ങേറിയത്. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനെ പൊലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു.