‘ബ്ലൂവെയ്ല്‍ ഗെയിം ’ ; 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

bluewhale game

കളിക്കുന്നയാളുടെ മനസ്സിനെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഗെയിം

മുംബൈയില്‍ 14കാരന്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് ‘ബ്ലൂവെയ്ല്‍ ചലഞ്ച്’ ഗെയിമിനെത്തുടര്‍ന്നെന്ന് സംശയം. മുംബൈ അന്ധേരി സ്വദേശിയായ ഒമ്പതാംക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്. കുട്ടിയുടെ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബ്ലൂവെയ്ല്‍ ചലഞ്ചിനെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലിസിന് ലഭിച്ചത്.

ബ്ലൂ വെയ്ല്‍- നീലത്തിമിംഗലം- ഗെയിം എന്നാണ് ഇതിന്റെ പേര്. കൗമാരക്കാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് ഈ അതിഭീകര ഗെയിം പ്രചരിക്കുന്നത്. കളിക്കുന്നയാളുടെ മനസ്സിനെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഗെയിം. കടല്‍ തീരങ്ങളിലടുക്കുന്ന തിമിംഗലങ്ങളുടെ ഇമേജ് ആത്മഹത്യ ഇമേജായി കരുതാറുണ്ട്. ഈ റഷ്യന്‍ ഗെയിമിന് ബ്ലൂ വെയ്ല്‍ എന്നു പേരിട്ടതും അതുകൊണ്ടു തന്നെ.

ആത്മഹത്യയ്ക്ക് ബ്ലൂവെയില്‍ ചലഞ്ചുമായി ബന്ധമുണ്ടെന്നെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആത്മഹത്യയെക്കുറിച്ച് മന്‍പ്രീത് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നതായാണ് വിവരം. എന്നാല്‍ അത് തമാശയായി കരുതി അവര്‍ അവഗണിക്കുകയായിരുന്നു.

ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്‌ അനുസരിച്ച്, മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് വരെ എങ്ങനെയാണ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടേണ്ടതെന്ന് മന്‍പ്രീത് ഓണ്‍ലൈന്‍ വഴി തിരഞ്ഞിരുന്നു. കൂടാതെ, തിങ്കളാഴ്ച ഞാന്‍ സ്ക്കൂളില്‍ വരുകില്ലെന്ന് മന്‍പ്രീത് തന്‍റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്തു.

മരണം സംഭവിക്കുന്നതിന് തൊട്ടു മുന്‍പ് മന്‍പ്രീത് കെട്ടിടത്തിന്‍റെ മുകളില്‍ ഇരിക്കുന്ന തന്‍റെ ഫോട്ടോ പോസ്റ്റ്‌ ചെയ്തു. കാലു താഴേക്ക് ഇട്ടിരിക്കുന്ന രീതിയിലുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തത്. ഇതില്‍ അടിക്കുറിപ്പായി ‘അവസാനം, നിങ്ങള്‍ക്ക് ബാക്കിയാവുന്നത് എന്‍റെ ഈ ചിത്രം മാത്രം’ എന്ന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘അന്ധേരിയിലെ ഷേര്‍-ഇ-പഞ്ചാബ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ കാല് താഴേക്ക് ഇട്ടിരിക്കുന്ന മന്‍പ്രീതിനെ അടുത്തുള്ള കെട്ടിടത്തില്‍ നിന്ന ആള്‍ കാണുകയും, താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രീത് അനുസരിക്കാന്‍ കൂട്ടാക്കിയില്ല, മാത്രമല്ല, അയാളെയും ചേര്‍ത്ത് സെല്‍ഫി എടുക്കുകയും സ്വന്തം ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയുകയും ചെയ്തു.

ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ് മുതല്‍ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം സംഭവിച്ചതായി മാതാപിതാക്കള്‍ക്കും സംശയം തോന്നിയെങ്കിലും ഇങ്ങനൊരു കടുംകൈ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഈ മരണത്തിന്‍റെ ഞെട്ടലില്‍ നിന്നും അവര്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ബ്ലൂവെയില്‍ ചലഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യയാണ് മന്‍പ്രീതിന്റേത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുട്ടിയുടെ സുഹൃത്തുക്കളെ ഉടന്‍ ചോദ്യംചെയ്യുമെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എന്‍ ഡി റെഡ്ഡി അറിയിച്ചു.

റഷ്യയിൽ നിന്നു പ്രചരിച്ച ഈ ഓൺലൈൻ ഗെയിം കുട്ടികളെ അപകടകരമായി സ്വാധീനിക്കുന്നതായി നേരത്തേതന്നെ വാദമുണ്ട്.ഒറ്റയ്ക്ക് പ്രേതസിനിമകൾ കാണുക, സ്വയം ദേഹോപദ്രവം ഏൽപിക്കുക, അസമയങ്ങളിൽ ഉറക്കമുണർത്തുക തുടങ്ങിയ 49 ചലഞ്ചുകള്‍ പൂര്‍ത്തിയാക്കാന്‍ ഗെയിം നിയന്ത്രകര്‍ മല്‍സരാര്‍ഥിയോട് ആവശ്യപ്പെടുന്നു. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചുകൊടുക്കണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാംദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തില്‍ നൂറോളം പേര്‍ റഷ്യയില്‍ മാത്രം മരണപ്പെട്ടെന്നാണ് റിപോര്‍ട്ട്.

ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍നിന്നും പുറത്ത് പോകാനുമാകില്ലെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. മാത്രവുമല്ല; ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡെവലപ്പേഴ്‌സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നതായും റഷ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗെയിം ഒരു തവണ ഇൻസ്റ്റാൾ ചെയ്തു കളിച്ചാൽ പിന്നീട് പിന്തിരിയാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു.

ഇത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ ‘ചാര്‍ലി ചാര്‍ലി’ എന്ന ഗെയിമും ജീവന്‍ വച്ചാണ് കളിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്. രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്ചീനമായി തുലനം ചെയ്തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ് എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന് ‘ചാര്‍ലി’യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ് വിശ്വാസം. ഇത്തരം കളി ഇന്‍റര്‍നെറ്റില്‍ വ്യാപകമായതോടെ കൊളംബിയയില്‍ അടക്കം ഗെയിം നിരോധിച്ചിരുന്നു.

കുട്ടികൾ അമിതമായി കംപ്യൂട്ടർ ഗെയിം കളിക്കുന്നത് അത്ര നല്ലകാര്യമല്ല. മിക്ക രക്ഷിതാക്കളും കുട്ടികളെ ഓൺലൈൻ ഗെയിം കളിക്കാൻ പ്രോല്‍സാഹിപ്പിക്കാറുണ്ട്. എന്നാൽ ചില ഓൺലൈനിന്‍റെ ഭീകരത ഇത്തരം മരണങ്ങളില്‍ക്കൂടിയാണ് വ്യക്തമാകുന്നത്.

പിതാവിനെയും മാതാവിനെയും സഹോദരിയെയും കുടുംബത്തില്‍ പെട്ട മറ്റൊരു സ്ത്രീയെയും ചുട്ടുകൊന്ന അതിദാരുണമായ കുറ്റകൃത്യം നടത്തിയ കേദല്‍ ജിന്‍സണ്‍ രാജയെ നാം മറന്നു കാണില്ല.കുട്ടിക്കാലം മുതല്‍ നാട്ടുകാരുമായി ഒരു ബന്ധവുമില്ല. പകല്‍ യാത്ര ചെയ്യാറില്ല. പഠനം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വീടിന്റെ മുകള്‍നിലയില്‍ കുറെ സമയം ചെലവഴിക്കും. ഗെയിം സെര്‍ച്ച്‌ എഞ്ചിന്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു. യുദ്ധസമാനമായ ഗെയിമുകളാണ് കളിക്കുക. രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഗെയ്മിനോടാണ് കൂടുതല്‍ താത്പര്യം കാണിച്ചത്. പുതുതലമുറയിലെ രക്ഷിതാക്കള്‍ ആയിരംവട്ടം കേദല്‍ ജിന്‍സന്‍ രാജയുടെ ജീവിതം വായിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ സാഹചര്യങ്ങളിലൂടെ തന്നെയാണ് ഇന്നത്തെ പല കുട്ടികളും വളര്‍ന്നുവരുന്നത്.
സ്മാര്‍ട്ട് ഫോണും ടാബും കുട്ടിയുടെ കയ്യില്‍ കൊടുത്ത് ഗെയിം കളിച്ചു രസിക്കുന്നത് കാണുമ്പോള്‍ പല രക്ഷിതാക്കളും പറയുന്ന കമന്റുണ്ട്, “ഞങ്ങള്‍ക്കറിയാത്തതു പോലും കുട്ടിക്കറിയാം”. ഒന്ന് ശരിയാണ്, നിങ്ങള്‍ അറിയാത്ത പലതും കുട്ടി പഠിച്ചിരിക്കുന്നു. പക്ഷേ, കുട്ടികള്‍ അപകടത്തില്‍ പെടുമ്പോള്‍ നിങ്ങള്‍ പലതും അറിയുമെന്ന് മാത്രം.

സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികളെ സ്മാര്‍ട്ടാക്കുമെന്ന് തെറ്റിദ്ധരിക്കണ്ട. കുട്ടികളുടെ ബുദ്ധിപരമായ തകരാറുകള്‍ മുതല്‍ മാനസിക പ്രശ്നങ്ങള്‍ വരെ ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നതിലൂടെ ഉണ്ടാവുന്നു. ജീവിതശൈലീ രോഗങ്ങളും പഠന പ്രശ്നങ്ങളും ശ്രദ്ധക്കുറവും അമിത വികൃതിയും അക്രമ സ്വഭാവവും കുട്ടികളില്‍ വര്‍ധിച്ചുവരും.

മുമ്പ് കുട്ടികളില്‍ നിന്ന് കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ വന്നിരുന്നില്ല. ഇന്ന് 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍നിന്ന് കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.
അത് പത്ത് വയസ്സുകാരനില്‍ നിന്നുവരെ വന്നിട്ടുണ്ട്. 2011 ജൂലൈ 8 ഞായറാഴ്ച നെടുങ്കണ്ടത്ത് യു കെ ജി വിദ്യാര്‍ഥിയെ കുളത്തില്‍ മുക്കിക്കൊന്ന് കൊലപ്പെടുത്തിയത് പത്തുവയസ്സുകാരനായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ കൗമാരക്കാരില്‍ അക്രമോത്സുകത പ്രകടമാകുന്ന കുറ്റകൃത്യങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. പല കാരണങ്ങളില്‍ ഒന്നാണ് അക്രമ സ്വഭാവമുണ്ടാക്കുന്ന ഗെയിം അഡിഷന്‍. മൊബൈല്‍ ഗെയിമുകളില്‍ കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്വഭാവ വൈകല്യത്തിന് കാരണമാകുമെന്നാണ് പഠനം.

വ്യക്തിത്വം രൂപപ്പെടുന്ന പത്ത് വയസ്സിനു മുന്പ് ഒരു സ്ഥലത്ത് അടങ്ങിയിരിക്കാന്‍ ടാബും, ഐഫോണും നല്‍കുന്നതിലൂടെ അന്തര്‍മുഖനായ 15 വയസ്സുകാരനെയും അക്രമിയായ പുതുതലമുറയെയും സമ്മാനിക്കുകയാണെന്നറിയുക. സൂക്ഷ്മ പേശി ചലനങ്ങളും സ്ഥൂല പേശി ചലനങ്ങളും നടക്കേണ്ട കുട്ടി പ്രായത്തില്‍ ഓടാനും ചാടാനും നീന്തിക്കളിക്കാനും ഓലകൊണ്ട് പീപ്പിളിയുണ്ടാക്കാനും ചളിമണ്ണുകൊണ്ട് അപ്പം ചുട്ട് കളിക്കാനും തോടുകളില്‍ മീന്‍ പിടിക്കാനും ശീലിപ്പിക്കുക. വീട്ടിലേക്ക് കയറിവരുന്നവരെ സ്വീകരിക്കാനും അവരോട് പുഞ്ചിരിക്കാനും പഠിപ്പിക്കുക. എങ്കില്‍ സാമൂഹിക ബന്ധമുള്ള പഠനശേഷിയുള്ള ബുദ്ധികൂര്‍മതയുള്ള നല്ല മക്കളെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.