തുരുവല്ല കറ്റോട് പാലത്തിൽനിന്ന് ലോറി തോട്ടിലേക്കു മറിഞ്ഞു; മരണം 1

kattode

റെഡിമിക്സ് കോൺക്രീറ്റ് യൂണിറ്റ് ഘടിപ്പിച്ച ലോറി ടികെ റോഡിൽ കറ്റോട് പാലത്തിൽനിന്ന് തോട്ടിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. ക്ലീനർ കോട്ടയം പാമ്പാടി എട്ടാം മൈൽ നീലിമംഗലം വീട്ടിൽ ബാബു (51) ആണ് മരിച്ചത്. പരുക്കേറ്റ ഡ്രൈവർ കോട്ടയം കോടിമത പുതുവൽചിറ ഔസേപ്പിനെ (കുട്ടപ്പൻ – 68) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്തെ നിർമാണ കമ്പനിയുടേതാണ് ലോറി. ആറന്മുളയിലെ നിർമാണ സ്ഥലത്തേക്ക് കോൺക്രീറ്റുമായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ലോറി പാലത്തിൽ കയറിയ ഉടനെ പിൻവശം പാലത്തിന്റെ കൈവരിയിൽ തട്ടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ മുൻവശം പൊങ്ങി ലോറി തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവർ തെറിച്ച് പാലത്തിന്റെ സംരക്ഷണഭിത്തിയിലൂടെ റോഡിലേക്കും ക്ലീനർ തോട്ടിലേക്കും വീണു. ക്ലീനറുടെ മുകളിലേക്ക് പാലത്തിന്റെ കൈവരിയുടെ തകർന്ന ഭാഗവും അതിനു മുകളിലേക്ക് ലോറിയും വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് തോട്ടിലിറങ്ങി വടം കെട്ടി ലോറി ഉയർത്തി ക്ലീനറെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് മരണം.

കറ്റോട് നിന്നു തിരുവല്ലയിലെ ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന 700 എംഎം കാസ്റ്റ് അയൺ പൈപ്പും പാലത്തിന്റെ ഇടതുഭാഗത്തെ സംരക്ഷണ കൈവരിയും തകർന്നു. മൂന്നു ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു. കൈവരി തകർന്ന് അപകടാവസ്ഥയിലായതിനാൽ കറ്റോട് പാലത്തിൽ കൂടി വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്നും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.

ടി.കെ.റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഭാഗമാണ് കറ്റോട് മുതല്‍ മനയ്ക്കച്ചിറ വരെയുളള ഭാഗം. കറ്റോട് ചീപ്പുപാലത്തിന് സമീപം മൂന്ന് മാസം മുമ്പ് ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഒരുവര്‍ഷം മുന്പ് തോട്ടിലേക്ക് കാര്‍ മറിഞ്ഞെങ്കിലും ആളപായം ഉണ്ടായില്ല. തൊട്ടിപ്പുറത്തുള്ള വളവില്‍ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ അപകടങ്ങളില്‍ അഞ്ച് പേര് മരിച്ചതായി നാട്ടുകാരനായ റെജി പറയുന്നു.

മിക്‌സര്‍ ലോറി മറിഞ്ഞ ചീപ്പ് പാലം നേര്‍രേഖയിലുള്ള റോഡിലാണ്. പാലം ഇടുങ്ങിയതായതിനാല്‍ തൊട്ടടുത്തെത്തുമ്പോളാകും ശ്രദ്ധിക്കുക.പാലത്തിന്റെ കൈവരികളില്‍ പലവട്ടം വണ്ടികള്‍ ഇടിച്ചു.

മിക്‌സര്‍ലോറി പാലത്തിന്റെ വടക്കുഭാഗത്തെ കൈവരി പൂര്‍ണമായും തകര്‍ത്താണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടും വെള്ളത്തില്‍ കിടന്ന വാഹനത്തിന്റെ എന്‍ജിന്‍ നിലച്ചിരുന്നില്ല. അപകടസ്ഥലത്ത് ലേഡീസ് ബാഗ് കിടന്നത് അല്പനേരം ആശയക്കുഴപ്പം ഉണ്ടാക്കി. മറ്റാരെങ്കിലും കൂടി തോട്ടിലെ വെള്ളത്തിലുണ്ടോയെന്ന അന്വേഷണമായി. പഴയ ബാഗ് ആരോ തോട്ടില്‍ ഉപേക്ഷിച്ചതാണെന്ന നിഗമനത്തില്‍ ഒടുവില്‍ ഉദ്യോഗസ്ഥരെത്തുകയായിരുന്നു.
കറ്റോട് രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തിരുവല്ല സ്റ്റേഷനിലെ ഫയര്‍മാന്‍മാരായ പ്രദീപ്, റെജി ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തോട്ടില്‍ വീണ ലോറിയിലെ ആളിനെ രക്ഷിക്കാന്‍ വെള്ളത്തില്‍ ഇറങ്ങിയതിനിടെ കാലില്‍ കുപ്പിച്ചില്ലുകള്‍ തുളച്ചുകയറുകയായിരുന്നു. ഇരുവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.