മദ്യപിച്ച യുവാക്കൾ കൊക്കയിൽ വീണ് കൊല്ലപ്പെടുന്ന ദ്രശ്യങ്ങൾ പുറത്തായി


മദ്യലഹരിയിലായിരുന്ന യുവാക്കള്‍ കാല്‍ തെന്നി കൊക്കയില്‍ വീണ് കൊല്ലപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഹാരാഷ്ട്രയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ അംബോലിയിലെ കവലേസാദ് പോയിന്റിലായിരുന്നു അപകടം.ക്വാലാപൂര്‍ ഗാദിഗ്‌ലഞ്ച് സ്വദേശികളായ ഇമ്രാന്‍ ഗാര്‍ദി (25) പ്രസാദ് റാത്തോഡ് (21) എന്നിവരാണ് മരിച്ചത്. നൂറ് അടി താഴ്ചയിലേക്കാണ് യുവാക്കള്‍ കാല്‍തെന്നി വീണത്. ഗാദിഗ്‌ലഞ്ചിലെ ഒരു പൗള്‍ട്രി ഫാമിലെ ജീവനക്കാരാണ് ഇരുവരും. ഇവരടക്കം സഹപ്രവര്‍ത്തകരായ 7 പേരാണ് തിങ്കളാഴ്ച അംബോലിയിലെത്തിയത്. ഈ സംഘത്തില്‍പ്പെട്ട മറ്റൊരാള്‍ ചിത്രീകരിച്ച അപകടത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗാര്‍ദിയും റാത്തോഡും അപായ മേഖലയിലെ ഇരുമ്പ് വേലിയില്‍ കയറിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇവരുടെ കയ്യില്‍ മദ്യക്കുപ്പിയുമുണ്ട്. ഇടയ്ക്ക് മദ്യലഹരിയില്‍ ഇവര്‍ തെന്നുന്നതും കാണാം. എന്നിട്ടും അപകടമുനമ്പില്‍ നിന്ന് പിന്‍തിരിയാന്‍ ഇവര്‍ തയ്യാറാകുന്നില്ല. തുടര്‍ന്ന് വേലി മറികടക്കുന്ന ഇവര്‍ അപകടമുനമ്പില്‍ നിലയുറപ്പിക്കുന്നു.ഈ സമയം പിന്‍തിരിയാന്‍ അവിടെയുള്ള സഞ്ചാരികള്‍ ഇവരോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇരുവരും സാഹസം തുടരുകയായിരുന്നു. നിമിഷങ്ങള്‍ക്കകം റാത്തോഡിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നു. പൊടുന്നനെ ഇയാള്‍ ഗാര്‍ദിയുടെ കയ്യില്‍ കയറിപ്പിടിക്കുകയും ഇരുവരും താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു.