വിജയ് ഹസാരെ ട്രോഫി; കേരളത്തിന് ഒരു റണ്ണിന്‍റെ ആവേശ വിജയം

cricket

 വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളത്തിന് ഒരു റണ്ണിന്‍റെ ആവേശ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 228 റണ്‍സിന് ഓള്‍ഒൗട്ടായി. മറുപടി ബാറ്റിംഗില്‍ ഉത്തര്‍പ്രദേശ് ഒരു പന്ത് ബാക്കിനില്‍ക്കേ 227 റണ്‍സിന് പുറത്തായി. ഇതോടെ കേരളത്തിന് നാല് പോയിന്‍റ് ലഭിച്ചു. ടൂര്‍ണമെന്‍റിലെ കേരളത്തിന്‍റെ മൂന്നാം ജയമാണിത്. മൂന്ന് മത്സരങ്ങള്‍ കേരളം തോല്‍ക്കുകയും ചെയ്തു.വി.എ.ജഗദീഷ് പൊരുതി നേടിയ 82 റണ്‍സാണ് കേരളത്തിന് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത്. 101 പന്തില്‍ എട്ട് ബൗണ്ടറികളുടെ ഉള്‍പ്പെട്ടതായിരുന്നു ജഗദീഷിന്‍റെ ഇന്നിംഗ്സ്. സല്‍മാന്‍ നിസാര്‍ (43), ജലജ് സക്സേന (36), വിഷ്ണു വിനോദ് (31) എന്നിവരും കേരള നിരയില്‍ പൊരുതി. യുപിക്ക് വേണ്ടി സൗരഭ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ക്യാപ്റ്റന്‍ സുരേഷ് റെയ്നയുടെ അര്‍ധ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ യുപി അനായാസം വിജയത്തിലേക്ക് കുതിക്കുമെന്ന് ഒരവസരത്തില്‍ കരുതിയെങ്കിലും മധ്യനിര തകര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി. 66 റണ്‍സ് നേടിയ റെയ്ന റണ്‍ഒൗട്ടായതാണ് യുപിയുടെ തകര്‍ച്ചയുടെ തുടക്കം. പിന്നാലെ വിക്കറ്റുകള്‍ ഒന്നിടവിടാതെ കൊഴിയുകയായിരുന്നു. ഓപ്പണര്‍ സമ്രത് സിംഗ് 42 റണ്‍സും റിങ്കു സിംഗ് 33 റണ്‍സും നേടി. 152/3 എന്ന നിലയില്‍ നിന്നാണ് യുപി തകര്‍ന്നടിഞ്ഞത്.
കേരളത്തിന് വേണ്ടി ജലജ് സക്സേന, അക്ഷയ് കെ.സി, വിനൂപ് മനോഹരന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.