പശുക്കളുടെ മൃതദേഹങ്ങള്‍ കനാലിലൂടെ ഒഴുകിയെത്തി

cow

ബീഹാറിലെ തിങ്കോന്‍വന്‍ ഗ്രാമത്തിലെ കനാലിലൂടെ ദുരൂഹ സാഹചര്യത്തില്‍ പശുക്കളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. മധേപുര ജില്ലയിലെ മുരളിഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെയായിരുന്നു സംഭവം. പശുക്കളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് ശ്രദ്ധയില്‍ പെട്ടതോടെ ഒരു കൂട്ടം ഗോരക്ഷാ പ്രവര്‍ത്തകര്‍ മേഖലയിലേക്കെത്തുകയും കലാപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഗോരക്ഷാ പ്രവര്‍ത്തകര്‍ ടയറുകളും മറ്റും കത്തിക്കുകയും പോലീസുകാര്‍ക്കെതിരേ കല്ലെറിയുകയും ചെയ്തു. പോലീസ് വാഹനം കനാലിലേക്ക് മറിച്ചിടുകയും ചെയ്തു. വ്യാച പ്രചാരണങ്ങള്‍ നടക്കുന്നത് തടയുന്നതിന്റെ ഭാഗമായി കോസി പുര്‍ണ്യ മേഖലകളിലെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിട്ടുണ്ട്. കലാപസാധ്യത നിലില്‍ക്കുന്നതിനാലാണ് നടപടി. ഇന്നു വരെയാണ് ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തിവച്ചിരിക്കുന്നത്. മേഖലയില്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ക്യാംപ് ചെയ്യുന്നുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. മേഖലയില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട് ചത്ത പശുക്കളാണോ ഒഴുകി വന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.