“ബിജെപികാരന്റെ പട്ടിയെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടോ?” കോണ്‍ഗ്രസ് നേതാവ്

rss

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്‌എസിനേയും ബിജെപിയേയും രൂക്ഷമായി ആക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്‌എസിനോ ബിജെപിക്കോ ഒരു പങ്കും ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കൂടായായ ഖാര്‍ഗെ തുറന്നടിച്ചു. കോണ്‍ഗ്രസുകാര്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി ജീവത്യാഗം ചെയ്തിട്ടുള്ളവരാണ്.രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ്. എന്നാല്‍ ഏതെങ്കിലും ഒരു ആര്‍എസ്‌എസുകാരന്റെയോ ബിജെപിക്കാരന്റെയോ വീട്ടിലെ പട്ടിയെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ വെടിഞ്ഞിട്ടുണ്ടോ എന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഏത് ആര്‍എസ്‌എസ് നേതാവാണ്, ബിജെപിക്കാരനാണ് ജയിലില്‍ കിടന്നിട്ടുള്ളത് എന്നും ഖാര്‍ഗെ ചോദിച്ചു. മഹാരാഷ്ട്രയിലെ ഫൈസ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭയില്‍ കഴിഞ്ഞ വര്‍ഷം ഖാര്‍ഗെ ഇതേ ആരോപണം ഉന്നയിക്കുകയും നരേന്ദ്ര മോദി അദ്ദേഹത്തെ പരിഹസിച്ച്‌ മറുപടി നല്‍കുകയും ചെയ്തിരുന്നു.ഗാന്ധിജിയും ഇന്ദിരാ ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയത് പോലെ ഒരു നേതാവിനെ നിങ്ങള്‍ക്കിടയില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ എന്നാണ് അന്ന് ഖാര്‍ഗെ ചോദിച്ചത്. ഒരു പട്ടിയെങ്കിലുമുണ്ടോ എന്നും ചോദിച്ചു. കോണ്‍ഗ്രസുകാര്‍ വിചാരിക്കുന്നത് നെഹ്‌റു കുടുംബം മാത്രമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തെന്നാണ് എന്നാണ് മോദി നല്‍കിയ മറുപടി. ഭഗത് സിംഗിനേയും ചന്ദ്രശേഖര്‍ ആസാദിനേയും പോലുള്ളവരെ കോണ്‍ഗ്രസ് ഒഴിവാക്കുന്നുവെന്നും മോദി പരിഹസിച്ചു.