Friday, April 26, 2024
HomeKeralaപള്ളിയും സെമിത്തേരിയും യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗം പങ്കുവെച്ചു

പള്ളിയും സെമിത്തേരിയും യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗം പങ്കുവെച്ചു

സഭാതര്‍ക്കങ്ങള്‍ സുപ്രീംകോടതി വരെ എത്തിയിട്ടും തീര്‍പ്പാകാതെ നില്‍ക്കുമ്പോള്‍ മൂവാറ്റുപുഴ കുന്നയ്ക്കാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ സെമിത്തേരി പങ്കുവച്ച് ഇരു വിഭാഗങ്ങളും ധാരണയായി. ഒരു വര്‍ഷം മുമ്പ് പള്ളിയുടെ വിഷയത്തില്‍ ഇരു വിഭാഗങ്ങളും ധാരണയിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം സെമിത്തേരിയും പങ്കുവച്ചതോടെയാണ് സഭാതര്‍ക്കത്തിനിടെ ഈ നീക്കം ശ്രദ്ധേയമാകുന്നത്. സഭയുടെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് തര്‍ക്കിച്ചു നില്‍ക്കുന്ന ഇരുവിഭാഗങ്ങളും ഒരേ പള്ളിപ്പറമ്പില്‍ സെമിത്തേരി സംഘര്‍ഷങ്ങളില്ലാതെ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ പ്രതിനിധികള്‍ മൂവാറ്റുപുഴ രജിസ്റ്റര്‍ ഓഫീസില്‍ സെമിത്തേരിയുടെ ഭാഗ ഉടമ്പടി നടത്തി. നൂറുവര്‍ഷം പിന്നിട്ട പള്ളിയില്‍ കഴിഞ്ഞ വര്‍ഷം പള്ളിയുടെ അധികാരം ഇരുവിഭാഗവും വിഭജിച്ചിരുന്നു. നിലവിലുണ്ടായിരുന്ന പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കിയപ്പോള്‍ പള്ളിയുടെ 13 സെന്റ് സ്ഥലം, കൂടാതെ പുതുതായി വാങ്ങി നല്‍കിയ 60 സെന്റ് സ്ഥലം, പണമായി 50 ലക്ഷം എന്നിങ്ങനെയാണ് യാക്കോബായ വിഭാഗത്തിന് നല്‍കിയത്. ഇവര്‍ താല്‍കാലിക പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം കൂദാശയും നടത്തി. എന്നാല്‍, സെമിത്തേരി ഇരു വിഭാഗവും ഒരുമിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതു പിന്നീട് സംഘര്‍ഷങ്ങള്‍ക്കിടയാക്കുമെന്ന തിരിച്ചറിവാണ് ഇരു വിഭാഗത്തിലെയും െവെദികരെ പുതിയ ധാരണയ്ക്കായി പ്രേരിപ്പിച്ചത്. കഴിഞ്ഞ 26 നാണ് സെമിത്തേരി പങ്കുവയ്ക്കുന്നതിനുള്ള ഉടമ്പടി രജിസ്‌ട്രേഷന്‍ നടത്തിയത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി വികാരി ഫാ. ഡോ. ടി.പി. ഏലിയാസ്, യാക്കോബായ വിഭാഗത്തിനുവേണ്ടി വികാരി ഫാ.കെ.പി. വര്‍ഗീസ് എന്നിവരുള്‍പ്പെടെ ട്രസ്റ്റിമാരടക്കം എട്ടു പേരാണ് ഭാഗഉടമ്പടിയില്‍ ഒപ്പുവച്ചത്. 60 ശതമാനം സ്ഥലം യാക്കോബായ വിഭാഗത്തിനും 40 ശതമാനം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും എന്ന നിലയിലാണ് വിഭജനം. നിലവില്‍ അടക്കപ്പെട്ടിരിക്കുന്നവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ആവശ്യമെങ്കില്‍ അഞ്ച് വര്‍ഷത്തിനകം തങ്ങളുടെ ഭാഗങ്ങളിലേക്ക് മാറ്റണമെന്നാണ് ഉടമ്പടി. അതുവരെ ഇരുകൂട്ടര്‍ക്കും സെമിത്തേരി സന്ദര്‍ശനത്തിന് തടസമുണ്ടാകില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments