Saturday, April 27, 2024
HomeNationalറിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനായി ആയിരത്തോളം വിമാനങ്ങള്‍ റദ്ദാക്കി

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനായി ആയിരത്തോളം വിമാനങ്ങള്‍ റദ്ദാക്കി

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനായി ഡല്‍ഹിയിലേക്കുള്ള ആയിരത്തോളം വിമാനങ്ങള്‍ റദ്ദാക്കി. ജനുവരി 18നും 26നും ഇടയില്‍ പ്രതിദിനം നൂറിലേറെ ആഭ്യന്തര വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇത് 1500ഓളം യാത്രക്കാരെ ബാധിക്കും. ആദ്യമായാണ് റിഹേഴ്‌സലിന്റെ പേരില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ റിഹേഴ്‌സല്‍ സമയത്തെ വിമാനങ്ങളുടെ സമയം ക്രമീകരിക്കുകയായിരുന്നു പതിവ്. റിഹേഴ്‌സല്‍ നടക്കുന്ന ഒന്‍പത് ദിവസവും അന്താരാഷ്ട്ര വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കുമെന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇത്തവണ രാവിലെ 10.30 മുതല്‍ 12.15 വരെയാണ് റിഹേഴ്‌സല്‍ നടത്തുന്നത്. ഈ സയമത്ത് ഡല്‍ഹിക്കു മുകളിലൂടെ പറക്കുന്നതിന് വിലക്കുണ്ട്. ഈ സമയത്തുള്ള ആഭ്യന്തര സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വളരെ പെട്ടെന്ന് വിമാനങ്ങള്‍ റദ്ദാക്കാനുള്ള അധികൃതരുടെ തീരുമാനം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് വിമാനക്കമ്പനി പ്രതിനിധികള്‍ പറഞ്ഞു. വിമാനക്കമ്പനികളുടെ വീഴ്ചയല്ലെങ്കിലും യാത്രക്കാരുടെ രൂക്ഷമായ പ്രതിഷേധം ഇവര്‍നേരിടേണ്ടി വരും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളും വിമാനത്താവള അധികൃതരുമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കഴിഞ്ഞവര്‍ഷം ഡല്‍ഹി വിമാനത്താവളത്തില്‍ ദിനംപ്രതി ഏതാണ്ട് 1350 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയാണ് ഓരോ വര്‍ഷവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുമുണ്ട്.എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ ആവശ്യമായ വിപുലീകരണം വിമാനത്താവളത്തില്‍ നടക്കുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments