ക്നാനായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബിനു കുരുവിള അടിയേറ്റ് ഗുരുതരാവസ്ഥയിൽ

medical college

ക്നാനായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബിനു കുരുവിള ഗുരുതരാവസ്ഥയിൽ. രാത്രിയിൽ മുഖംമൂടി സംഘം വീടുകയറി നടത്തിയ ആക്രമണത്തിലാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ഓതറ കല്ലേമണ്ണിൽ ബിനു കുരുവിള (42)യ്ക്കു നേരെയാണ് ശനിയാഴ്ച രാത്രി ആക്രമണം ഉണ്ടായത്. പൊലീസ് രാത്രി സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ക്നാനായ കോൺഗ്രസ് കേന്ദ്രഭാരവാഹി സ്ഥാനങ്ങളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ബിനു വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു. വോട്ടർമാരെ കണ്ടശേഷം രാത്രി 12.15ന് ആണ് വീട്ടിലെത്തിയത്. വരാന്തയിൽ നിന്നു കോളിങ് ബെൽ അടിക്കാൻ തുടങ്ങുമ്പോൾ മുഖംമൂടി ധരിച്ച രണ്ടു പേർ കമ്പിവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടി കൊണ്ട് നിലത്തു വീണതോടെ ബിനുവിന്റെ കാലിനും കൈയ്ക്കും അടിയേറ്റു. ബഹളം കേട്ട് ഭാര്യയും കുട്ടികളും മാതാവും എത്തിയതോടെ വീടിനു നേരെയായി ആക്രമണം. കതകും ജനാലകളും അടിച്ചുതകർത്തശേഷമാണ് അക്രമികൾ രക്ഷപ്പെട്ടത്. പരുക്കേറ്റ ബിനു തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ക്നാനായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.