ഇന്ധനവില വര്‍ധന;ഹര്‍ത്താലിലൂടെ ശക്തമായ പ്രതിപക്ഷ ഐക്യനിരയെന്ന് ഉമ്മന്‍ ചാണ്ടി

 ഇന്ധനവില വര്‍ധനവിനെതിരേ രാജ്യമൊട്ടാകെ നടന്ന ഹര്‍ത്താലിലൂടെ ശക്തമായ പ്രതിപക്ഷ ഐക്യനിര യാഥാര്‍ത്ഥ്യമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്തെ പ്രമുഖ 21 പാര്‍ട്ടികളാണ് ഹര്‍ത്താലില്‍ പങ്കെടുത്തത്. വര്‍ഗീയ, ഫാസിസ്റ്റ് ശക്തിയായ ബിജെപിക്കെതിരേ ഇത്യാദ്യമായാണ് ഇത്രയും കക്ഷികള്‍ അണിനിരക്കുന്നത്. ഇതു ജനാധിപത്യ, മതേതര വിശ്വാസികളെ ആവേശഭരിതവും പ്രതീക്ഷാനിര്‍ഭരവുമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ധനവില വര്‍ധനവ് ഉള്‍പ്പെടെയുള്ള ജനദ്രോഹനടപടികള്‍ക്കെതിരേ ഇനിയും ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകും. കൂടുതല്‍ കക്ഷികളെയും പ്രസ്ഥാനങ്ങളെയും ഇതില്‍ പങ്കെടുപ്പിക്കും. ദേശീയതലത്തില്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചവരെ ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു.രാജ്യം ഇത്രയും ശക്തമായ താക്കീതു നല്കിയിട്ടും ഇന്ധനവില കുതിച്ചു കയറുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.87 രൂപയും ഡീസലിന് 77.81 രൂപയുമാണ് തിങ്കളാഴ്ചത്തെ വില. മുബൈയിലേക്കാള്‍ (77.32) ഉയര്‍ന്ന നിരക്കിലാണ് കേരളത്തില്‍ ഡീസല്‍ വില്ക്കുന്നത്. ആഗസ്റ്റ് 31 മുതല്‍ തുടര്‍ച്ചയായി ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെട്ട് ഇന്ധനവില കുറച്ച്‌ ജനങ്ങളില്‍ ആശ്വാസം എത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു