സംസ്ഥാനത്ത് ജൂൺ 14 വരെ ശക്തമായ മഴ

rain

സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ജൂൺ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 7 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാനാണ് സാധ്യത. 15ന് ശക്തമായ മഴയുണ്ടാകും. തുടര്‍ച്ചയായ മഴയില്‍ നദികളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ജില്ലാ കലക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

മുന്‍കരുതലായി താഴെക്കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം
# മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പതിനഞ്ചാം തീയതി വരെ പ്രവര്‍ത്തിപ്പിക്കണം.
# മഴ ശക്തമായിട്ടുള്ളതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതണം.
# അവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്തണം
# ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുക
# ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടി സ്വീകരിക്കുക.
# പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുന്നതിന് പ്രചാരണം നടത്തുക.
# മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പൊലീസിന് നിര്‍ദേശം നല്‍കുക.
# മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക.
# കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം
# ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റർ നമ്പർ (1077) പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക.
# കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ.വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കി. മീ. വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തു മത്സ്യബന്ധത്തിന് പോകരുത്.
# കര്‍ണ്ണാടക, ലക്ഷദീപ് കേരള തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുമ്പോൾ ജാഗ്രത പാലിക്കണം.