ഗോപിനാഥന്‍ പിള്ളയുടെ മരണത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു

gopinathan

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥന്‍ പിള്ളയുടെ മരണത്തെ കുറിച്ച്‌ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന മിനിലോറി, ടാങ്കര്‍ ലോറി, കാര്‍, കെഎസ്ഡിപിയുടെ മിനിലോറി എന്നിവ പൊലീസ് കസ്റ്റഡിയിലാണ്. ഗോപിനാഥന്‍ പിള്ള സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ ഇടിച്ചെന്നു കരുതുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജു പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അപകടത്തില്‍ മരിച്ച ഗോപിനാഥന്‍ പിള്ള, മകന്റെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലായതിനാലാണ് പൊലീസ് അപകടത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുന്നത്. അപകടത്തില്‍പ്പെട്ട കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതാണ് നിയന്ത്രണം വിട്ട് എതിര്‍ പാതയിലേക്ക് ഇടിച്ചുകയറാന്‍ കാരണമെന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു . കഴിഞ്ഞ 11നു ദേശീയപാതയിൽ വയലാറിൽ വാഹനാപടത്തിൽ പരുക്കേറ്റ ഗോപിനാഥൻ പിള്ള കൊച്ചിയിൽ ചികിത്സയിലിരിക്കെയാണു വെള്ളിയാഴ്ചയാണു മരിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്നു ബന്ധുക്കൾ പറഞ്ഞെങ്കിലും ഗോപിനാഥൻ പിള്ളയുടെ അഹമ്മദാബാദിലെ അഭിഭാഷകൻ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപകടത്തിനുശേഷം വാഹനങ്ങളിലൊന്നു നിർത്താതെ പോയെന്നു പരിസര വാസികൾ വെളിപ്പെടുത്തിയതോടെയാണു പൊലിസിനു സംശയം ഉയർന്നത്. തുടർന്നു സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അപകടശേഷം നിർത്താതെ പോയ ടാങ്കർ ലോറി ചാലക്കുടിയിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ ഉൾപ്പെട്ട വാഹനങ്ങളിലെ ജീവനക്കാരിൽനിന്നും പരിസരവാസികളിൽ നിന്നും മൊഴി എടുത്തു വരികയാണ്. ദേശീയ തലത്തിൽ പ്രാധാന്യമർഹിക്കുന്ന കേസ് ആയതിനാലും ഉത്തരേന്ത്യയിൽ പല കേസുകളിലും സാക്ഷികൾ അപകടത്തിൽ മരിക്കുന്നതിനാലും ഇന്റലിജൻസ് ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. ഫൊറൻസിക് വിദഗ്ധരും സയന്റിഫിക് വിദഗ്ധരും അപകട സ്ഥലത്തു പരിശോധന നടത്തി. ഇടിച്ച ഭാഗത്തെ പരിശോധനയിലൂടെ ഗോപിനാഥൻ പിള്ളയുടെ കാറിൽ ഇടിച്ച വാഹനങ്ങൾ ഏതൊക്കെയെന്നു കണ്ടെത്തുന്നതിനുള്ള ശ്രമമാണു നടത്തുന്നതെന്നു ജില്ലാ പൊലിസ് മേധാവി എസ്.സുരേന്ദ്രൻ പറഞ്ഞു. അപകട സമയത്തുണ്ടായിരുന്ന രണ്ടു മിനി ലോറികൾ, ടാങ്കർ ലോറി, കാർ എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗോപിനാഥൻ പിള്ളയുടെ കാറിന്റെ പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്നു മീഡിയൻ കടന്നു നാലുവരിപ്പാതയുടെ എതിർഭാഗത്തെ ട്രാക്കിൽ എത്തിയ കാറിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം. സംഭവ സമയത്ത് എട്ടു വാഹനങ്ങൾ അപകടസ്ഥലത്തുണ്ടായിരുന്നെങ്കിലും ഇതിൽ നാലു വാഹനങ്ങൾ മാത്രമാണ് കണ്ടെത്താനായത്. ഏറ്റവും മുന്നിൽ മിനിലോറിയും അതിനു പിന്നാലെ രണ്ടുകാറുകളും ടാങ്കർ ലോറിയും മാറ്റുവാഹനങ്ങളും പോകുന്ന ദൃശ്യം സിസിടിവിയിൽ നിന്നും പൊലീസ് ശേഖരിച്ചു. ഗോപിനാഥ പിള്ളയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം പരാതി നൽകുന്ന കാര്യം ആലോചിക്കുമെന്നു ഏറ്റുമുട്ടൽ കേസിലെ അഭിഭാഷകൻ ഷംഷദ് പഠാൻ പറഞ്ഞു. പ്രാണേഷ് കുമാർ ഇന്റലിജൻസ് ബ്യൂറോയ്ക്കു വിവരം നൽകുന്ന ആളായിരുന്നുവെന്ന ഗോപിനാഥൻ പിള്ളയുടെ മൊഴി പ്രധാനമാണ്. പിള്ളയുടെ മരണത്തിലൂടെ സിബിഐയുടെ പ്രധാന സാക്ഷിയാണ് നഷ്ടപ്പെടുന്നതെന്നും ഷംഷദ് പഠാൻ പറഞ്ഞു. അതേസമയം, അപകടത്തിൽ ദുരൂഹതയില്ലെന്നു പിള്ളയുടെ സഹോദരൻ മാധവൻ പിള്ള പറഞ്ഞു. മാധവൻ പിള്ള ഓടിച്ച കാറിൽ കൊച്ചിയിൽ ചികിത്സയ്ക്കു പോകുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചയോടെ താമരക്കുളത്തെ വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ സംസ്കാരം നടത്തി