Friday, April 26, 2024
HomeKeralaഫ്രോങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ ആശങ്കയെന്ന് സിസ്റ്റർ അനുപമ

ഫ്രോങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ ആശങ്കയെന്ന് സിസ്റ്റർ അനുപമ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ ആശങ്കയെന്ന് സിസ്റ്റർ അനുപമ. അറസ്റ്റിലായി 25-ാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിക്കുന്നത്. കർശന ഉപാധികളോടെയാണ് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കും വരെ രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, ഇതിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുത്. പാസ്‌പ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയായിരുന്നു കോടതിയുടെ കർശന വ്യവസ്ഥകൾ.എന്നാൽ ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചത്തുതുമുതല്‍ ബിഷപ്പിനെതിരെ നിലപാടെടുത്ത കന്യാസ്ത്രീകൾ ആശങ്കയിലാണ്. ‘നാളെ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ല’ എന്നാണ് സിസ്റ്റർ അനുപമ കുറവിലങ്ങാട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ബിഷപ് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അവർ ഭയപ്പെടുന്നു. അന്വേഷണം ഏറെ മുന്നോട്ടു പോയെന്നും പ്രധാന സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനാൽ റിമാൻഡിൽ തുടരേണ്ടതില്ലെന്ന് ബിഷപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വിജയഭാനു കോടതിയിൽ വാദിക്കുകയായിരുന്നു. ബിഷപ്പിന് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന സർക്കാർ വാദം ഹൈക്കോടതി പരിഗണിച്ചില്ല.അന്വേഷണം നിർണായക ഘട്ടത്തിലായതിനാലും സാക്ഷികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ളതിനാലും ബിഷപ്പ് നൽകിയ ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഈ മാസം മൂന്നിനായിരുന്നു ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയത്. എന്നാൽ പിന്നീട് 12 ദിവസത്തിന് ശേഷം പോലീസ് നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ട് കൂടി പരിശോധിച്ചാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്ന പൊലീസ് വാദത്തില്‍ ഇനി കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ ജാമ്യ ഹർജി നൽകിയിരുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന മുന്‍വാദവും ജാമ്യഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു പോലീസിന്റെ മുൻ നിലപാട്.കേസില്‍ റിമാന്‍ഡിലായ ബിഷപ്പ് ഇരുപത്തഞ്ച് ദിവസം പാല സബ് ജയിലിൽ ആയിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികൾ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായതിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കൂടിയായിരുന്നു അറസ്റ്റ്.നീതി ആവശ്യപ്പെട്ട് കൊച്ചിയിൽ സമരത്തിലിരുന്ന കന്യാസ്ത്രീകളുടെ കൂടി വിജയമായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. ആദ്യമായി പീഡനം നടന്ന ദിവസം ബിഷപ്പ് കുറുവിലങ്ങാട് മഠത്തില്‍ താമസിച്ചിരുന്നതായി തെളിവുകളും മൊഴികളും ഹാജരാക്കിയതോടെയാണ് ബിഷപ്പ് പ്രതിരോധത്തിലായത്. ബിഷപ്പിന്റെ ചില മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റ് വൈകാനുണ്ടായ കാരണം. പഴുതടച്ച് വേണം അറസ്റ്റ് എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പോലീസിന് ഉപദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോർ‍ട്ടുകൾ വന്നിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments