Tuesday, March 19, 2024
HomeKeralaശബരിമലയില്‍ ഇന്നു മുതല്‍ 22ന് രാത്രി വരെ നിരോധനാജ്ഞ

ശബരിമലയില്‍ ഇന്നു മുതല്‍ 22ന് രാത്രി വരെ നിരോധനാജ്ഞ

ശബരിമലയില്‍ ഇന്നു മുതല്‍ 22ന് രാത്രി വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കാന്‍ ഇരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശബരിമലയിലും പരിസരങ്ങളിലും വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകരെ നാളെ ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും കടത്തി വിടുന്നത്. ശബരിമല – മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നാളെ നടക്കും.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപ റോഡുകളിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 22ന് അര്‍ധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അക്രമത്തിന് സാധ്യതയുണ്ടെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെയും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും ഉണ്ടായ സംഘര്‍ഷങ്ങളുടെയും സ്ഥിതിഗതികള്‍ നേരിട്ടു ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രാര്‍ഥനായജ്ഞങ്ങള്‍, മാര്‍ച്ച്, മറ്റ് നിയമവിരുദ്ധ ഒത്തുകൂടലുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സംഘം ചേര്‍ന്ന് പ്രതിഷേധ പരിപാടികളും അക്രമങ്ങളും നടത്താന്‍ സാധ്യതയുള്ളതായി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചാല്‍ ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങളെ തടയുന്നതുവഴി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം സംഭവിക്കുകയും ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ സംഘം ചേരലും പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും തടയുന്നതിനായി നവംബര്‍ 14 മുതല്‍ ജനുവരി 14ന് മകരവിളക്കു വരെ രണ്ടു മാസക്കാലം നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചിരുന്നു
RELATED ARTICLES
- Advertisment -

Most Popular

Recent Comments