പൊള്ളാച്ചിക്കടുത്ത് മരത്തിലിടിച്ച് ട്രെയിൻ പാളംതെറ്റി; ഒഴിവായത് വൻദുരന്തം

പൊള്ളാച്ചി- മീനാക്ഷിപുരം പാതയിൽ ട്രെയിൻ പാളംതെറ്റി. തിരുനെൽവേലിയിൽ നിന്ന് പൂനെക്ക് തിരിച്ച പ്രത്യേക തീവണ്ടിയാണ് അപകടത്തിൽപെട്ടത്‌. ചൊവ്വാഴ്ച രാത്രി 9.50ഓടെ ആയിരുന്നു അപകടം നടന്നത്. എഴുപതു കിലോമീറ്റർ വേഗതയിലായിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് വൻമരം കടപുഴകി വീണതാണ് അപകടത്തിനു കാരണം. എൻജിനും ആദ്യത്തെ ഏഴ് കംപാർട്മെന്റുകളും അപകടത്തിൽപെട്ടു. ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ഒൻപതേകാലോടെയാണ് തീവണ്ടി പൊള്ളാച്ചി വിട്ടത്. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടെയുള്ള വാളക്കൊമ്പിൽ സോയാബീൻ കമ്പനിക്കടുത്ത് വെച്ചാണ് അപകടമുണ്ടായത്. റെയിൽ പാതക്കടുത്ത് നിന്ന വൻ മരം കടപുഴകി വീണതാണ് അപകടത്തിന് കാരണമായത്. മരം ഇടിച്ചുതകർത്ത് മുന്നോട്ടുനീങ്ങിയ എൻജിനും ആദ്യത്തെ ജനറൽ കമ്പാർട്ട്മെന്റ് ഉൾപ്പെടെ ഏഴ് ബോഗികളും പാളംതെറ്റി. ഇവയിലെ യാത്രക്കാരെ ഉടൻ തന്നെ സുരക്ഷിതമായ ബോഗികളിലേക്ക് മാറ്റി.
അർധരാത്രിക്കു ശേഷം ഷൊർണൂരിൽ നിന്ന് രക്ഷാപ്രവർത്തനത്തിനുള്ള പ്രത്യേകവണ്ടിയെത്തി. മരം മുറിച്ചുമാറ്റി ബോഗികൾ നീക്കി ഇതിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തെത്തുടർന്ന് പാലക്കാട് ഡിവിഷൻ ആസ്ഥാനത്ത് പ്രത്യേക സഹായകേന്ദ്രം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0491-2556198, 2555231 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.