പൊൻകുന്നത്ത് വിദ്യാര്‍ഥികള്‍ സ്‌കൂൾ വാനിൽ നിന്ന് റോഡിലേക്ക്​ തെറിച്ചുവീണു

accident

ഓടുന്നതിനിടെ സ്കൂള്‍ വാനിന്റെ പിന്‍വാതിലിലൂടെ വിദ്യാര്‍ഥികള്‍ റോഡിലേക്ക്​ തെറിച്ചുവീണു. പൊന്‍കുന്നത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ് ജിയോ, ആറാം ക്ലാസ് വിദ്യാര്‍ഥിനി ആവണി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ്​ പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കുട്ടികള്‍ റോഡിലേക്ക് തെറിച്ചുവീണത് ഡ്രൈവര്‍ അറിഞ്ഞില്ല. നിര്‍ത്താതെ പോയ വാന്‍ നാട്ടുകാര്‍ ബഹളം വെച്ച്‌​ നിര്‍ത്തിക്കുകയായിരുന്നു. കുട്ടികളെയും കയറ്റി പൊന്‍കുന്നം തോണിപ്പാറ കയറ്റം കയറി വരുമ്പോൾ ചൊവ്വാഴ്​ച രാവിലെ എട്ടരയോടെ വാനി​​ന്റെ പിന്‍വാതില്‍ അപ്രതീക്ഷിതമായി തുറന്നുപോകുകയും വാനി​​ന്റെ വശങ്ങളിലിരുന്ന കുട്ടികള്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വിദ്യാര്‍ഥികളില്‍ ആരുടെയെങ്കിലും കൈ തട്ടി വാനി​​​ന്റെ വാതില്‍ തുറന്നുപോയതാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സ്ഥിരമായി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ താല്‍ക്കാലികമായി നിയമിച്ചിരുന്നയാളാണ് വാന്‍ ഓടിച്ചിരുന്നത്. സ്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവ് കൂടിയാണ് അപകടത്തില്‍പെട്ട വാനി​​​െന്‍റ ഡ്രൈവറെന്നും ഇയാള്‍ക്ക് മതിയായ യോഗ്യതയുള്ളതായും പൊലീസ് പറഞ്ഞു. ഗ്രാമീണ റോഡായതിനാലും കയറ്റമായിരുന്നതിനാലും വാനിന് വേഗം കുറവായിരുന്നു. സ്കൂള്‍ വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ തോണിപ്പാറ പുന്നത്താനം വീട്ടില്‍ ഷൈനിനെതിരെ (34) അശ്രദ്ധമായി വാഹനം ഓടിച്ചതിനും വാഹനത്തിലുണ്ടായിരുന്ന ഹെല്‍പറായ യുവതിക്കെതിരെ വാനി​​ന്റെ വാതില്‍ സുരക്ഷിതമായി സംരക്ഷിക്കാതിരുന്നതിനും പൊന്‍കുന്നം പൊലീസ് കേസെടുത്തു. കസ്​റ്റഡിയിലെടുത്ത ഇവരെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. ഡ്രൈവറുടെ ലൈസന്‍സ്​ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്​ അധികൃതര്‍ അറിയിച്ചു.