കുട്ടനാട്ടില്‍ ക്യാമ്പുകളില്‍ ശുദ്ധജലക്ഷാമം; എല്ലാവരെയും ആലപ്പുഴയിലേക്ക് മാറ്റാൻ തീരുമാനം

kuttanad flood

കുട്ടനാട്ടില്‍  ക്യാമ്പുകളില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. രക്ഷാ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ അല്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അധികൃതര്‍. അതേസമയം ഇവിടേക്കുള്ള യാത്രാ മാര്‍ഗങ്ങള്‍ പോലും പ്രതിസന്ധിയിലാണ്. രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ആലപ്പുഴയില്‍ മദ്യ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ എറണാകുളത്തും മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നെല്ലിയാമ്പതി പോലെ തന്നെ ദുരിതത്തിലാണ് കുട്ടനാടും. ഇവിടങ്ങളിലെ ക്യാമ്പിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും സൂചനയുണ്ട്. ക്യാമ്പിലുള്ളവരെ ആലപ്പുഴയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ശുദ്ധജലം ലഭിക്കുന്നതേ ഇല്ലെന്നാണ് പരാതി. ഭക്ഷണ സാധനങ്ങളും ഇവിടേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തകര്‍ മരുന്നും ഭക്ഷണവും എത്തിച്ച് കൊടുക്കുന്നുണ്ടെങ്കിലും ഇത് കുട്ടനാട്ടില്‍ ലഭിക്കുന്നില്ല. ക്യാമ്പുകളില്‍ കഴിയുന്നവരെ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.ക്യാമ്പുകള്‍ വിട്ട പോകില്ലെന്നാണ് ജനങ്ങളുടെ പിടിവാശി. ഇത് ഭരണകൂടത്തിന് തന്നെ തിരിച്ചടിയാണ്. നിലവില്‍ ഇവിടേക്ക് ടോറസ് ലോറി മാത്രമാണ് എത്തുന്നത്. നേരത്തെ ഹെലികോപ്ടറില്‍ കയറില്ലെന്നും പലരും പറഞ്ഞിരുന്നു. അതേസമയം ഇവിടത്തെ മലിന ജലത്തില്‍ ഭക്ഷണം പാകം ചെയ്യുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യാമ്പിലുള്ള ആര്‍ക്കെങ്കിലും അടിയന്തര ചികിത്സയോ മറ്റോ വേണ്ടി വന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാനും വലിയ ബുദ്ധിമുട്ടാണ്.വൃത്തികുറഞ്ഞ സാഹചര്യത്തിലാണ് കുട്ടനാട്ടിലുള്ളവര്‍ ഇപ്പോള്‍ താമസിക്കുന്നത്. അതിനാല്‍ രോഗം പടരാനുള്ള സാധ്യതയുണ്ട്. ഇവിടെയുള്ള ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ തീര്‍ന്നിരിക്കുകയാണ്. ഈ അവസ്ഥയില്‍ കുട്ടനാട്ടിലെ ക്യാമ്പില്‍ തുടരുന്നത് നല്ലതല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മാറ്റിത്താമസിപ്പിക്കുന്നത് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍മാരും തഹസീര്‍ദാര്‍മാരും മുഖേന ഉദ്യോഗസ്ഥര്‍ ക്യാമ്പിലുള്ളവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വീട്ടിന് സമീപം തന്നെയുള്ള ക്യാമ്പുകള്‍ വിട്ടുപോകാന്‍ താല്‍പര്യമില്ല. തങ്ങളുടെ പ്രദേശം വിട്ടുപോകുന്നതിനുള്ള മാനസിക വിഷമമാണ് ഇവര്‍ പറുന്നത്. എന്നാല്‍ കുടിവെള്ള ക്ഷാമവും മറ്റുമുള്ള ഇവിടെ നിന്ന് ഇവരെ ഒഴിപ്പിക്കാതെ രക്ഷയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.