റയാൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുതിർന്ന പൗരനായി കണക്കാക്കും

murder 8

ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ റയാൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്ലസ് വണ്‍ വിദ്യാർഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ നടത്തും. ഗുരുഗ്രാമിലെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്‍റേതാണ് തീരുമാനം. കേസ് ജുവനൈൽ കോടതിയിൽനിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പോലീസും പ്രത്യേക അന്വേഷണ സംഘവും സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് വണ്‍ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, തന്‍റെ മകനെ സിബിഐ ഉദ്യോഗസ്ഥർ മർദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഈ വിദ്യാർഥിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. സിബിഐ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. പരീക്ഷ മാറ്റിവയ്ക്കാനാണു പ്ലസ് വണ്‍ വിദ്യാർഥി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണു സിബിഐ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.